Skip to main content

അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാക്കന്മാരില്‍ പ്രധാനിയും സംഘടനയുടെ വളര്‍ച്ചയില്‍ അതിമഹത്തായ പങ്ക് വഹിച്ച ഉന്നത പണ്ഡിതനായിരുന്നു മൗലാനാ അബ്ദുല്‍ ഹഖ്  മുഹമ്മദ് അബ്ദുല്‍ ബാരി. സമസ്തക്ക് വേണ്ടി തന്റെ സര്‍വസ്വവും മാറ്റിവെക്കുകയും ആരോഗ്യം വിട്ടുനല്‍കുകയും ചെയ്ത മുസ്‌ലിയാര്‍ സംഘടനയുടെ ഉന്നത സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. 1926 മുതല്‍ 1945 വരെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിയാര്‍ പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

ഹിജ്‌റ 1298 ജുമാദുല്‍ ആഖിര്‍ 22ന് ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാരുടെ മകനായിട്ടാണ് ജനനം. പുതുപ്പറമ്പില്‍ പിതാവ് അറിയപ്പെട്ടിരുന്ന നേതാവും പണ്ഡിതനുമായിരുന്നു. മഹാനായ പിതാവിന്റെ മകനായി ജനിച്ച അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ചെറുപ്പത്തില്‍ തന്നെ സല്‍ഗുണ സമ്പന്നനായാണ് വളര്‍ന്നത്. സമ്പന്ന കുടുംബത്തില്‍ ജനിച്ചുവെങ്കിലും സാധുജനങ്ങളോട് ഇദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. തികച്ചും മാതൃകായോഗ്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

സ്വന്തം പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം നാദാപുരം, തിരൂരങ്ങാടി, പൊന്നാനി ദര്‍സുകളില്‍ പഠിപ്പിച്ചതിന് ശേഷം ഉപരിപഠനത്തിന്നായി വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതില്‍ ചേര്‍ന്നു. 1903ല്‍ ബാഖവി ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തി അധ്യാപന രംഗത്ത് മുഴുകി. കോഴിക്കോട് മദ്‌റസതുല്‍ ജിഫ്‌രിയ്യയിലായിരുന്നു പ്രഥമ ദര്‍സ്. പിന്നീട് അയ്യായ, താനാളൂര്‍ വളവന്നൂര്‍ കാനാഞ്ചേരി എന്നിവിടങ്ങളില്‍ അദ്ദേഹം മുദരിസായി സേവനമനുഷ്ഠിച്ചു. വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്തിയ കാലത്ത് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാഠ്യപദ്ധതിയും തയ്യാറാക്കി. 1921 മുതല്‍ മരിക്കുന്നത് വരെ 45 വര്‍ഷം തന്റെ ജന്മദേശമായ പുതുപറമ്പില്‍ തന്നെയാണ് സേവനമനുഷ്ഠിച്ചത്.

സമസ്തയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ സംഘടനക്ക് വേണ്ടി ധാരാളം സമ്പത്തും ചെലവഴിച്ചു. സമസ്ത 1929 ല്‍ അല്‍ ബയാന്‍ മാസിക തുടങ്ങുമ്പോള്‍ പ്രചാരണത്തിനായി വളരെയധികം ത്യാഗം ചെയ്യുകയും അര്‍ത്ഥം നല്‍കുകയും ചെയ്തു. മികച്ചൊരു എഴുത്തുകാരനായിരുന്ന അബ്ദുല്‍ബാരി മുസ്‌ലിയാര്‍ അൽ ബയാനിന്റെ തുടക്കം മുതൽ ഫിഖ്ഹിലും മറ്റും കനപ്പെട്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഉര്‍ദു, പാഴ്‌സി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെ യ്തിരുന്ന അദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. ആ കാലത്ത് നല്ല മലയാളത്തില്‍ പ്രസംഗിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളായിരുന്നു അബ്ദുല്‍ ബാരി മുസ്‌ലിയാര്‍.

വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്രസാ അംഗീകാരം തുടങ്ങുന്നത് അബ്ദുല്‍ ബാരിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വാളക്കുളം പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്രസ ഒന്നാം നമ്പര്‍ ആയി അംഗീകരിച്ചുകൊണ്ടാണ് സമസ്തയുടെ കീഴില്‍ അറബിക് കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനമെടുക്കുന്നതും അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു ജീവിതാവസാനം വരെ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം 1967 ജൂലൈ 25 ന് കര്‍മപഥം വെടിഞ്ഞു.

ഗ്രന്ഥങ്ങള്‍


സ്വിഹാഹു ശ്ശൈഖയ്ന്‍
ജംഇല്‍ ബാരി
ഫത്ഹുല്‍ ബാരി
അല്‍ മന്‍ക്വസ്വ്‌
 

Feedback