ശംസുല്‍ ഉലമ എന്ന അപരനാമത്തിലും ഇ കെ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ മതപണ്ഡിതനും വാഗ്മിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമാ നേതാവുമായിരുന്നു.
1914 ല്‍ കോഴിക്കോടിനടുത്ത് പറമ്പില്‍ കടവില്‍ ജനിച്ചു. പിതാവ്: പണ്ഡിതനും ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായ കോയക്കുട്ടി മുസ്‌ല്യാര്‍. മാതാവ്: ഫാത്വിമ ബീവി. മൂന്നാമത്തെ പിതാമഹന്‍ മുല്ലക്കോയ തങ്ങള്‍ യമനില്‍ നിന്ന് കേരളത്തിലെത്തിയ മതാധ്യാപകനായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസവും ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും പിതാവില്‍ നിന്നു പഠിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ അല്‍ ബാഖിയാതുസ്സാലിഹാത് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തത്വശാസ്ത്രത്തിലും, കര്‍മശാസ്ത്ര ത്തിലും ഹദീസിലും പ്രമുഖ പണ്ഡിതരുടെ ശിഷ്യത്വം തേടി. കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്‍, ശൈഖ് ആദം ഹദ്‌റദ്, ശൈഖ് അബ്ദുറഹീം ഹദ്‌റത് എന്നിവരാണ് മറ്റു പ്രധാന ഗുരുക്കന്മാര്‍.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്‌ലാം, വെല്ലൂര്‍ അല്‍ ബാഖിയാതു സ്വാലിഹാത്, തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം അറബിക് കോളെജ്, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1963-77 കാലയളവില്‍ പട്ടിക്കാട് ജാമിഅനൂരിയ്യയുടെ പ്രിന്‍സിപ്പലായി. 1979 മുതല്‍ നന്തി ദാറൂസ്സലാം അറബിക് കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്കു മാറി.
1950കളില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുമായി ബന്ധപ്പെട്ടു. 1957 മുതല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സുഊദി അറേബ്യ, യു എ ഇ എന്നീ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരില്‍ ഒട്ടേറെ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും നടത്തിയിട്ടുണ്ട്. ശാബാനു കേസ് വിധിയെ തുടര്‍ന്ന് 1985 ലെ ശരീഅത്ത് വിവാദ കാലത്ത് അബുല്‍ ഹസന്‍ അലി നദ്‌വി, സുലൈമാന്‍ സേട്ട്, മുജാഹിദ് നേതാവ് കെ.പി മുഹമ്മദ് മൗലവി, ജമാഅത്തെ ഇസ്‌ലാമി നേതാവ്കെ.സി അബ്ദുല്ലാ മൗലവി എന്നിവരോടൊപ്പം കോഴിക്കോട് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ സംബന്ധിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാടെ നേതൃത്വത്തില്‍ സമസ്തയില്‍ രൂപം കൊണ്ട ഗ്രൂപ്പ് മാതൃസംഘടനയില്‍ നിന്ന് അടര്‍ന്നു മാറാന്‍ ഈ വേദി പങ്കിടല്‍ ആയുധമായി ഉപയോഗിച്ചു.
1954ല്‍ ചെമ്പ്രേരി മൊയ്തീന്‍ കുട്ടി മൊല്ലയുടെ മയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ട് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ സുന്നി വിഭാഗം ഫയല്‍ ചെയ്ത പ്രസിദ്ധമായ മുത്തന്നൂര്‍ പള്ളിക്കേസില്‍ അന്യായ ഭാഗം ഒന്നാം സാക്ഷി ഇ കെ ആയിരുന്നു. മുജാഹിദ് വിഭാഗത്തെ ഖാദിയാനികളുമായി ചേര്‍ത്തുകൊണ്ടായിരുന്നു അന്യായം ഫയല്‍ ചെയ്തിരുന്നത്. പ്രസ്തുത കേസ് 1959 ഫെബ്രുവരി 27ന് ജഡ്ജി എം സി ശേഖരന്റെ വിധി പ്രസ്താവനയോടെ പരാജയപ്പെടുകയാണുണ്ടായത്.
മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമായി ഉറ്റ സമ്പര്‍ക്കമുണ്ടായിരുന്നെങ്കിലും ഇ കെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അറബി, ഉറുദു, ഇംഗ്ലിഷ്, സുരിയാനി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ആനുകാലികങ്ങളിലെ ലേഖനങ്ങള്‍ക്കു പുറമേ രിസാലതുല്‍ മാരിദീനിയുടെ വ്യാഖ്യാനവും, ജുമുഅ ഖുതുബ, ഖിബ്‌ല, ഖാദിയാനിസം തുടങ്ങിയ വിഷയങ്ങളില്‍ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ആദ്യ ഭാര്യ ഫാത്വിമയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചു. രണ്ടു പുത്രന്മാരും അഞ്ചു പുത്രിമാരും. 1996 ആഗസ്തില്‍ മരണപ്പെട്ടു.