Skip to main content

കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍

എട്ട് വര്‍ഷം സമസ്തയെ പക്വമായ നേതൃത്വത്തില്‍ നയിച്ച നേതാവാണ് കാളമ്പാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വിവിധ സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിക്കുകയും പകരുകയും ചെയത കാളമ്പാടി ഉസ്താദ് രണ്ട് തവണ ഹജ്ജ് കര്‍മവും നിര്‍വഹിച്ചു.

1934 ല്‍ അരിക്കുന്നത്ത് അബ്ദുറഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്ത മകനായിട്ടാണ് ഇദ്ദേഹം ജനിക്കുന്നത്. അറിവിന്റെ പ്രാഥമിക പാഠങ്ങള്‍ ബാപ്പയില്‍നിന്ന് തന്നെ നുകര്‍ന്ന ഇദ്ദേഹം പിന്നീട് മലപ്പുറത്തെ എയ്ഡഡ് മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. രാവിലെ പത്ത്മണിവരെ പുലാമന്തോള്‍ മമ്മുട്ടി മൊല്ലാക്കയില്‍ നിന്ന് മതവിദ്യാഭ്യാസവും ശേഷം സ്‌കൂള്‍ പഠനവും എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ജീവിതരീതി.

പിന്നീട് മലപ്പുറം, കൂട്ടിലങ്ങാടി, വറ്റലൂര്‍, പരപ്പനങ്ങാടി തുടങ്ങിയ ദര്‍സുകളില്‍ പഠനം നടത്തിയ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ, ജലാലൈനി, ശര്‍ഹു അഹ്ദീബ്, മുസ്‌ലിം, ഖുതുബി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അവഗാഹം നേടി. നിരവധി പണ്ഡിതരുടെ ശിഷ്യത്വം നേടിയ ഇദ്ദേഹം കോട്ടുമല ഉസ്താദില്‍ നിന്നാണ് ശര്‍ഹുല്‍ അകാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വായത്തമാക്കിയത്. നാട്ടിലെ പഠനത്തിനുശേഷം 1959ല്‍ വെലലൂര്‍ ബാഖിയാതുസ്സാ ലിഹാതില്‍ ഉപരിപഠനത്തിന് ചേരുകയും 1961ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

നാട്ടിലെത്തിയ ഇദ്ദേഹം അരീക്കോട് ജുമാമസ്ജിദില്‍ മുദരിസായി ചേര്‍ന്നാണ് അധ്യാപന ജീവിതത്തിന് തുടക്കം കുറിക്കുന്നത്. വെറും ദര്‍സ് മാത്രയായി അവിടെ 12 വര്‍ഷം കാളമ്പാടി ഉസ്താദ് സേവന നിരതനായി. തുടര്‍ന്ന് മൈത്ര, മുണടകുളം, കൊച്ചിനിക്കാട്, മുണ്ടൂപറമ്പ്, നെല്ലിക്കുത്ത്, കിടങ്ങയം സ്ഥലങ്ങളില്‍ ഖാള്വിയായും മുദരിസായും സേവനമനുഷ്ഠിച്ചു. നീണ്ട 36 വര്‍ഷം ഈ രംഗത്ത് തുടര്‍ന്ന അദ്ദേഹം 1999 ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു.

1959 ല്‍ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകളെ വിവാഹം ചെയ്ത കാളമ്പാടി ഉസ്താദിന് ആറ് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്. 2014 ല്‍ നിര്യാതനായി.

Feedback