Skip to main content

ഡോ: ഹുസൈന്‍ മടവൂര്‍

ഇസ്‌ലാം  മത പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തു. നിരവധി മത-സാമൂഹിക സംരംഭങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഹുസൈന്‍ മടവൂര്‍ സര്‍ക്കാര്‍ തലത്തിലും നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 

2021 ല്‍ കേരള ഗവണ്‍മെന്‍റ് പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അറബി ഭാഷാ  വിഭാഗം തലവന്‍ ( Arabic Academic Committee Discipline Chairman),  കാലികറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍  അംഗം. ഡല്‍ഹി യൂണിവേഴ്സിററി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ജമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി എന്നിവയുടെ റിസോഴ്സ് പേഴ്സണും ചൈന്നൈ ബി.എസ്.എ.യൂണിവേഴ്സിറ്റി അറബിക് പി.ജി. ബോഡ് അംഗവുമാണ്. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസിലും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ അറബിക് പരീക്ഷാ ബോര്‍ഡിലും അംഗവുമായിരുന്നു. 



ഫാറൂഖ് റൗസത്തല്‍ ഉലൂം അറബിക്കോളെജ്, അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി,  എന്നിവിടങ്ങളില്‍ നിന്നാണ് അറബി ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും(1988) നേടിയത്. സൗദി അറേബ്യയിലെ മക്ക ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ അഞ്ച് വര്‍ഷക്കാലം അറബി ഭാഷയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റും(2004) നേടി.  

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ കേരളസംസ്ഥാന കോ ഓഡിനേറ്ററായ അദ്ദേഹം ലോക മനുഷ്യാവകാശ സംഘടനകളുടെ ഏഷ്യന്‍ ചാപ്റ്ററിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്തിട്ടുണ്ട്. കേരള വഖഫ് ബോര്‍ഡ് അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ ഇന്‍റര്‍ ഫെയ്ത്ത് കൗണ്‍സില്‍ (ന്യൂഡല്‍ഹി) സ്ഥാപകാംഗം, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്ന് കീഴിലുള്ള ഉര്‍ദു, അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ വികസനത്തിന്നു് വേണ്ടിയുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉര്‍ദു ലാന്‍ഗ്വേജില്‍ ( NCPUL)  അറബി ഭാഷാ വിദഗ്ധ സമിതി അംഗമാണ്.   എയിഡഡ് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍സ് ആന്‍റ് മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടരിയായിരുന്നു. അറബി ഭാഷയുടെ വികസനത്തിന്നായി നല്‍കിയ സംഭാവനകള്‍  പരിഗണിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍ കോഴിക്കോട് നഗരത്തിലെ പാളയം  മുഹ്‌യിദ്ദീൻ പള്ളിയില്‍ പതിറ്റാണ്ടുകളായി ജുമുഅ ഖുതുബ നിര്‍വഹിച്ചു വരുന്നു. ആദര്‍ശ പ്രചാരണ രംഗത്തും മതസൗഹാര്‍ദ വേദികളിലും നിരന്തരം പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നു. മതാന്തര സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുന്‍കൈയെടുക്കുന്ന അദ്ദേഹം മതാനുയായികള്‍ തമ്മിലുള്ള സൗഹാര്‍ദം നിലനിര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്.

കേരള മുസ്‌ലിം നവോത്ഥാന സംരംഭമായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംഘടനയുടെ ഉപാധ്യക്ഷനും നിരവധി ധര്‍മസ്ഥാപനങ്ങളുടെ കമ്മറ്റിയംഗവുുമാണ് ഹുസൈന്‍ മടവൂര്‍. ഇന്ത്യന്‍ ഇസ്‌ലാഹീ  മൂവ്മെന്‍റ് ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റായി 12 വര്‍ഷം പ്രവര്‍ത്തിച്ചു.

അമേരിക്ക, ബ്രിട്ടണ്‍, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പതിനെട്ട് വിദേശ  രാഷ്ട്രങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സെമിനാറുകളിലും സമ്മേളനങ്ങളിലും അറബി ഭാഷയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കോഴിക്കോട് നരിക്കുനിയിലെ മലബാര്‍ ജാമിഅ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുന്നു.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ ഗ്രാമത്തില്‍ അബൂബക്കര്‍ കോയ ഹലീമ ദമ്പതികളുടെ മകനായി 1956 നവംബര്‍ 1ന് ജനനം. ഭാര്യ സല്‍മ അന്‍വാരിയ്യ.  

യ്യ.  

Feedback
  • Monday Oct 7, 2024
  • Rabia ath-Thani 3 1446