Skip to main content

കട്ടിലശ്ശേരി മുഹമ്മദ് മൗലവി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കേരളമുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്കിയ വ്യക്തിയാണ് കട്ടിലശ്ശേരി മുഹമ്മദ് മൗലവി. പക്ഷേ, ഇരു പ്രസ്ഥാനങ്ങളാലും വിസ്മരിക്കപ്പെട്ട നേതാവുകൂടിയാണദ്ദേഹം. 

പഴയ വള്ളുവനാട് താലൂക്കില്‍പ്പെട്ട പെരിന്തല്‍മണ്ണക്കടുത്ത പുഴക്കാട്ടിരി പഞ്ചായത്തിലെ കരിഞ്ചാപ്പാടിയില്‍ 1879ല്‍ കട്ടിലശ്ശേരി ജനിച്ചു. വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലി മുസ്‌ലിയാര്‍ ആയിരുന്നു പിതാവ്. ആലിയ്യുള്ളരി എന്ന പേരിലായിരുന്നു അദ്ദേഹം ഫത്‌വകള്‍ എഴുതാറുണ്ടായിരുന്നത്. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആരംഭിച്ച പുതിയ പാഠ്യ പദ്ധതികളെ കുറിച്ചും പഠന രീതിയെകുറിച്ചും ആക്ഷേപമുയര്‍ന്നപ്പോള്‍ പരിശോധനക്കായി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായിരുന്നു കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍. വലിയൊരു ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം സ്വന്തം വീട്ടില്‍ നടത്തിയിരുന്ന ദര്‍സില്‍ നിന്നാണ് മകന്‍ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനു ശേഷം തിരൂരങ്ങാടി, പൊന്നാനി ദര്‍സുകളില്‍ പഠനം നടത്തിയ കട്ടിലശ്ശേരി വെല്ലൂര്‍ ബാഖിയാതു സ്സ്വാലിഹാത്തില്‍ ഉപരിപഠനം നടത്തി.

തിരൂരങ്ങാടിയിലെയും വെല്ലൂര്‍ ബാഖിയാത്തിലെയും ജീവിതം കട്ടിലശ്ശേരിയില്‍ സ്വാതന്ത്ര്യ സമരാവേശവും  ബ്രിട്ടീഷ് വിരോധവും കരുപ്പിടിപ്പിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നേതാക്കളുമായുള്ള ബന്ധത്തിന് ഇടയാക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കട്ടിലശ്ശേരി ആധുനിക രീതിശാസ്ത്രമനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ഭാഷാനൈപുണി നേടണമെന്നും ശുദ്ധമായ മലയാളത്തില്‍ എഴുതാനും വായിക്കാനും കരുത്താര്‍ജിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ  ഉദ്‌ബോധിപ്പിച്ചു. 

എം പി നാരായണ മേനോനും കട്ടിലശ്ശേരിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ആരംഭ കാലത്ത് ഇരുവരും അതിന്റെ സജീവ പ്രവര്‍ത്തകരായി. ഇക്കാലഘട്ടത്തില്‍ മുഹമ്മദ് മൗലവിയില്‍ നിന്നു നാരായണ മേനോന്‍ അറബിയും നാരായണ മേനോനില്‍ നിന്ന് മുഹമ്മദ് മൗലവി ഇംഗ്ലീഷ് ഭാഷയും പഠിച്ചുകൊണ്ടിരുന്നു. ആവേശകരമായ രാഷ്ട്രീയ പ്രവര്‍ത്തനം വിദ്യാസമ്പന്നരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. സ്വന്തം ഭൂമിയില്‍ സ്ഥിരാവകാശമില്ലാത്ത ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരെ അവകാശബോധമുള്ളവരാക്കുന്നതില്‍ കട്ടിലശ്ശേരിയും നാരായ മേനോനും വിജയിച്ചു. കുടിയാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം മലബാറില്‍ വ്യാപകമായി. 

ഇതേ അവസരത്തിലാണ് ഖിലാഫത്ത് പ്രശ്‌നം വരുന്നത്. ബ്രിട്ടീഷ് സര്‍ക്കാറുമായുള്ള നിസ്സഹകരണത്തിന് മുസ്‌ലിം നേതാക്കള്‍ ആലോചിച്ചു. മഹാത്മാഗാന്ധിയും കോണ്‍ഗ്രസും അതിനെ പിന്തുണച്ചപ്പോള്‍ ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു മുന്നോട്ടു പോയി. കട്ടിലശ്ശേരി മുഹമ്മദ് മൗലവി പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ജനറല്‍ സെക്രട്ടറിയുമായി 'മലബാര്‍ ഖിലാഫത്ത് കമ്മിറ്റി' രൂപീകരിക്കപ്പെട്ടു. മറ്റെവിടെയും  കാണപ്പെടാത്ത  മുന്നേറ്റമാണ് ഖിലാഫത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മലബാറില്‍ ലഭിച്ചത്.

ഖിലാഫത്ത് കോണ്‍ഗ്രസ് കുടിയാന്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഗവണ്‍മെന്റ് കരിനിയമങ്ങള്‍ നടപ്പിലാക്കി. നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തി. കട്ടിലശ്ശേരിയും സഹപ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ തടഞ്ഞു. കാരണം കട്ടിലശ്ശേരിയുടെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെയും നബിചര്യയുടെയും പിന്‍ബലത്തോടെ മണിക്കൂറുകളോളം ദേശീയതയുടെ ആവേശം പകര്‍ന്നുകൊണ്ട് ജനങ്ങളെ പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തെക്കുറിച്ചും അത് മലബാര്‍ മേഖലയിലുണ്ടാക്കിയ ചലനത്തെക്കുറിച്ചും 'മാതൃഭൂമി'യിലെ ലേഖനത്തില്‍ ഇ പി ഗോപാലന്‍ വര്‍ണിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം മൈത്രിയുടെയും വിട്ടുവീഴ്ചയില്ലാത്ത ദേശീയതയുടെയും പ്രബലനായ ഈ വക്താവിനെ ഏറ്റവും വലിയ അപകടകാരികളില്‍ ഒരാളായിട്ടാണ് അന്ന്  ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടിരുന്നത്.

1921 ഏപ്രില്‍ 26, 27 തിയ്യതികളില്‍ ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ കട്ടിലശ്ശേരി  ഒരു പ്രസംഗകനായിരുന്നു. 1921ലെ വിപ്ലവത്തോട് ബന്ധപ്പെടുത്തി കട്ടിലശ്ശേരിയെയും എം പി നാരായണ മേനോനെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതില്‍  അവസാനത്തേതായിരുന്നു 1921 ആഗസ്ത് 16ന് കട്ടിലശ്ശേരിയടക്കം 29 ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള കലക്ടര്‍ തോമസിന്റെ ഉത്തരവ്. 

കലക്ടര്‍ക്ക് കട്ടിലശ്ശേരിയോട് വ്യക്തിപരമായ വിദ്വേഷവുമുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതമാണ് കട്ടിലശ്ശേരിയുടെത്. കോഴിക്കോട് ഖിലാഫത്ത് കമ്മിറ്റി ഓഫിസിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വന്ന കലക്ടര്‍ തോമസിനോടും പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിനോടും   'ഇന്ത്യക്കാരെ വിലയില്ലാത്തത് കൊണ്ടല്ലേ നിങ്ങള്‍ അനുവാദം വാങ്ങാതെ അകത്തു വന്നതെന്നും അതുകൊണ്ട് തല്‍ക്കാലം ബഹുമാനിക്കാന്‍ സമയമില്ലെന്നും' മുഖത്തു നോക്കി പറയാന്‍ കട്ടിലശ്ശേരിക്കല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് ഇ മൊയ്തുമൗലവി തന്റെ 'എന്റെ കൂട്ടുകാര'നെന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

1921ലെ സംഭവത്തെ തുടര്‍ന്ന് മാര്‍ഷല്‍ ലോ പ്രഖ്യാപിക്കപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും കലാപ ഭൂമിയിലൂടെ സമാധാന സന്ദേശവുമായി അദ്ദേഹം സഞ്ചരിച്ചു. 1921 സപ്തംബര്‍ പത്തിന് പട്ടാള നിയമ പ്രകാരം എം പി നാരായണ മേനോനെ അറസ്റ്റ്‌ചെയ്തു. മൊയ്തു മൗലവിയടക്കം മറ്റു നേതാക്കളും അറസ്റ്റിലായി. കട്ടിലശ്ശേരി പൊലീസിനും പട്ടാളത്തിനും പിടികൊടുക്കാതെ ഒളിവില്‍ പോയി. വെല്ലൂര്‍ ബാക്കിയാത്തുസ്സ്വാലിഹാത് അറബിക് കോളജില്‍ പോയി, അവിടെ പഠനം തുടങ്ങി. പൊലീസ് പിറകെയുണ്ടെന്നറിഞ്ഞപ്പോള്‍ കട്ടിലശ്ശേരി മദ്രാസിലെ ജമാലിയ അറബിക്‌കോളജിലേക്ക് താമസം മാറി. ഈ വിവരമറിഞ്ഞ് പൊലീസ് സൂപ്രണ്ട് ആമു വേഷപ്രച്ഛന്നനായി അവിടെയെത്തിയപ്പോള്‍ 'നാട്ടില്‍ നിന്നു കാണാന്‍ വന്ന ആളാണെന്ന'റിഞ്ഞിട്ടും യാതൊരു കുലുക്കവുമില്ലാതെ നേരിടുകയും മല്പിടുത്തത്തി ലേര്‍പ്പെടുകയും ചെയ്തത് ഇ മൊയ്തു മൗലവി വിവരിക്കുന്നുണ്ട്. അന്ന് അവിടെ പ്രിന്‍സിപ്പലായിരുന്ന മൗലവി മുഹമ്മദ് മദാര്‍ സാഹിബ് സന്ദര്‍ഭോചിതം പ്രവര്‍ത്തിച്ചതിന്റെ ഫലമായി കട്ടിലശ്ശേരിയെ അവിടെ നിന്ന് മാറ്റി ഫ്രഞ്ചധീനത്തിലുണ്ടായിരുന്ന കാരക്കലിലേക്കയച്ചു. മദാര്‍സാഹിബ് ഡ്രൈവറോട് പറഞ്ഞു. ''യാരുകൂപ്പിട്ടാലും കാര്‍ നിര്‍ത്തക്കൂടാത്. പട്ടാളവും ഗവര്‍ണ്ണരും വന്നാലും ശരി'' (മൗലവിയുടെആത്മകഥ-പേജ് 133).

1933 ല്‍ മലബാര്‍ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. സമൂഹത്തില്‍ വിദ്യാഭ്യാസപരമായ മാറ്റത്തിലൂടെ മാത്രമേ സാമൂഹ്യമാറ്റം നടക്കുകയുള്ളൂവെന്ന് മനസിലാക്കിയ അദ്ദേഹം പുണര്‍പ്പയില്‍ സമന്വയവിദ്യാഭ്യാസ കേന്ദ്രമായ 'അല്‍ മക്തബതുല്ലസൂമിയ്യ' സ്ഥാപിച്ചു. മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നല്‍കിയ ഈ വിദ്യാലയത്തിലാണ് കരുവള്ളി മുഹമ്മദ് മൗലവി 8ാം ക്ലാസുവരെ പഠിച്ചത്. നാറാണത്ത് യു.പിസ്‌കൂളായി ഇന്നും നിലനില്‍ക്കുന്നത് അതിന്റെ ബാക്കി പത്രമാണ്. മാഹിയില്‍ താമസിക്കുന്ന കാലത്ത് കട്ടിലശ്ശേരി രഹസ്യമായി കൊടുങ്ങല്ലൂരിലെത്തി മുസ്‌ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കുവഹിച്ചു. 1936 ഫെബ്രുവരി 22, 23 തിയ്യതികളില്‍ മക്കരപ്പറമ്പിനടുത്ത് പുണര്‍പ്പയില്‍ നടന്ന കേരള ജംഇയ്യത്തുല്‍ഉലമ സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രസിഡന്റ് അദ്ദേഹമായിരുന്നു. 

1937ല്‍മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കട്ടിലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും അതിന്റെ വൈസ് പ്രസിഡന്റാവുകയും ചെയ്തു. 

1932ല്‍ നടന്ന നാദാപുരം വാദപ്രതിവാദത്തില്‍ കട്ടിലശ്ശേരിയും പങ്കെടുത്തിരുന്നു. മരണം: 1943 ആഗസ്ത് 22

Feedback