Skip to main content

കൊച്ചനൂര്‍ അലി മൗലവി

ഇന്ത്യയിലും അറബ് ലോകത്തും ഒരുപോലെ വിശ്രുതനായ മലയാളി പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു കൊച്ചനൂര്‍ അലി മൗലവി. കേരളത്തില്‍ ജനിച്ചുവളര്‍ന്ന മൗലവി കഠിന പ്രയത്‌നങ്ങളിലൂടെ മികച്ച അറബി പണ്ഡിതനായി പ്രശസ്തിയിലേക്കുയര്‍ന്ന ധിഷണാശാലിയാണ്. 

kochanur

തൃശൂര്‍ ജില്ലയിലെ കൊച്ചനൂരില്‍ 1901 ല്‍ ജനനം. പരിസര പ്രദേശങ്ങളിലെ പള്ളി ദര്‍സുകളില്‍ നിന്ന് പ്രാഥമിക പഠനത്തിന് ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി.

1937 മുതല്‍ തിരൂര്‍, കൊയിലാണ്ടി, കുമരനെല്ലൂര്‍, ചെറുകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ അറബി അധ്യാപകനായി ജോലി ചെയ്തു. 1966ല്‍ ചാവക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വര്‍ഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അന്‍സാറില്‍ നിന്ന് പിരിഞ്ഞതിന് ശേഷം വായനയും എഴുത്തുമായി വിശ്രമ ജീവിതം നയിച്ചു.

ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായായിരുന്നു കൊച്ചനൂര്‍ അലി മൗലവി. ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്‌ലിംകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പര്യാപ്തമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

അറബിയില്‍ കവിതയെഴുതി അറബി സാഹിത്യത്തെ ധന്യമാക്കിയ അപൂര്‍വം മലയാളികളില്‍ ഒരാളാണ് കൊച്ചനൂര്‍ മൗലവി. പ്രവാചക ജീവിതം പൂര്‍ണമായി പ്രതിപാദിക്കുന്ന കേരളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ അറബി കാവ്യത്തിന്റെ (ഖുലാസത്തുല്‍ അഖ്ബാര്‍ ഫീ സീറത്തില്‍ മുഖ്താര്‍) രചയിതാവാണ് അദ്ദേഹം. മദീന യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ബഹുമതിയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.

ഈ അറബികാവ്യം അദ്ദേഹത്തിന്റെ മകന്‍ പ്രൊഫ. എം എ ഫരീദ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അറബി കാവ്യത്തിന്റെയും അതിന്റെ മലയാള വിവര്‍ത്തനത്തിന്റെയും ഓഡിയോ പതിപ്പ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചനൂര്‍ അലവി മൗലവി ഫൗണ്ടേഷന്‍ കാരുണ്യദീപ്തി എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് കാവ്യാവിഷ്‌കാരം നിര്‍വഹിച്ചത് പ്രശസ്ത സാഹിത്യകാരന്‍ കാനേഷ് പുനൂര്‍ ആണ്.

ഇസ്‌ലാമിക കര്‍മശാസ്ത്രം സങ്കീര്‍ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന മുഖ്തസറുല്‍ അഹ്കാമില്‍ ഫിഖ്ഹിയ്യ എന്ന മൗലവിയുടെ കൃതി 1984 ല്‍ ഈജിപ്തിലെ ദാറുല്‍ ഇഅ്തിസാം പ്രസിദ്ധീകരിച്ചു. ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ കര്‍മശാസ്ത്ര വിഷയങ്ങള്‍ വിശദീകരിക്കുന്ന വേറിട്ട പഠനമാണിത്. ഈജിപ്തിലും മറ്റ് അറബ്‌നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം 1992ല്‍ പുറത്തിറങ്ങി. അലി ഇബ്‌നു ഫരീദില്‍ കൊച്ചനൂരി അല്‍ ഹിന്ദ് എന്ന പേരിലാണ് മൗലവിയുടെ ഗ്രന്ഥങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തുന്ന ക്രൂരതകള്‍ വിവരിച്ചു കൊണ്ടെഴുതിയ 'ജറാഇമു ഇസ്‌റാഈല്‍ ഫീ അര്‍ദി ഫലസ്തീന്‍', അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ 'മസിയ്യത്തുല്ലുഗത്തില്‍ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാര്‍', ഫാറൂഖ് കോളേജിനേയും റൗദത്താബാദിനേയും അതിന്റെ സ്ഥാപകന്‍ അബുസ്സബാഹിനേയും അറബികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങള്‍ നേടിയ സവിശേഷ രചനകളാണ്.

സാഹിത്യ ലോകത്ത് അതുല്യമായ ഇതിഹാസങ്ങള്‍ രചിച്ച കൊച്ചനൂര്‍ അലി മൗലവി 1987 സെപ്തംബര്‍ അഞ്ചിന്, എണ്‍പത്തിയാറാം വയസ്സില്‍ നിര്യാതനായി.
 

Feedback