Skip to main content

ടി. മുഹമ്മദ് സാഹിബ്

ഭാരതീയ സംസ്‌കാരത്തില്‍ അന്തര്‍ലീനമായിട്ടുള്ള ഏകദൈവ വിശ്വാസത്തിന്റെ അടിവേരുകള്‍ കണ്ടെത്തിയ ഗവേഷക പ്രതിഭയാണ് ടി. മുഹമ്മദ് സാഹിബ്. കേരളീയ ഇസ്‌ലാമിക സാഹിത്യത്തിന് നിര്‍ണായക സംഭാവനകളാണ് അദ്ദേഹം നല്കിയത്.

മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ തട്ടരാട്ടില്‍ അഹ്മദ് കുട്ടിയുടെയും കാരാടന്‍ പാത്തുവിന്റെയും മകനായി 1917ല്‍ ജനിച്ചു. പിതാവ് മരിക്കുമ്പോള്‍ ടി എമ്മിന് ആറു വയസ് പ്രായം. കോറ്റത്തങ്ങാടിയിലെ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അതോടെ  പഠനം പാതി വഴിയിലായി. ദാരിദ്ര്യം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പിന്നീട് പള്ളി ദര്‍സുകളിലൂടെയായി പഠനം. കോന്തല്ലൂരില്‍ അമ്മാവന്റെ ദര്‍സില്‍ ചേര്‍ന്നു. വെട്ടത്ത് പുതിയങ്ങാടി, തിരൂര്‍ക്കാട്, പുല്ലാറ്റ് തുടങ്ങിയ പല സ്ഥലങ്ങളിലെയും ദര്‍സുകളില്‍ പഠിച്ചു. വെട്ടത്തു പുതിയങ്ങാടിയില്‍ പോക്കര്‍ മുസ്‌ലിയാരും, തിരൂര്‍ക്കാട് കാടേരി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു ഗുരുനാഥന്‍മാര്‍. 

പിന്നീട് പഠനം മൗലാന അബുസ്സബാഹ് അഹ്മദലി മൗലവിയുടെ കീഴിലായി. റൗദതുല്‍ ഉലൂം അറബിക് കോളെജ് മുമ്പ് ആനക്കയത്തായിരുന്നു. അത് മഞ്ചേരിയിലേക്ക് മാറ്റിയ കാലത്താണ് റൗദത്തില്‍ ചേര്‍ന്ന് അഫ്‌സലുല്‍ ഉലമ പഠിച്ചതെന്ന് ടി എം തന്നെ എഴുതുന്നു. പിന്നീട് കാസര്‍കോഡ് ആലിയാ അറബിക് കോളെജില്‍ അധ്യാപകനായി. 1949ല്‍ ആലിയയില്‍ ഒരുമിച്ച് അധ്യാപകരായി ചേര്‍ന്ന ടി മുഹമ്മദെന്ന കൂട്ടുകാരന്റെ വിനയത്തെക്കുറിച്ചും കണിശതയെ ക്കുറിച്ചും ചിന്താശീലത്തെക്കുറിച്ചുമെല്ലാം കെ മൊയ്തു മൗലവി എഴുതിയിട്ടുണ്ട്. ആലിയയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ജമാഅത്തെ ഇസ്‌ലാമി അംഗമാകുന്നത്.

1950ല്‍ കൊച്ചിയില്‍ ജമാഅത്ത് പ്രവര്‍ത്തകനായി, പിന്നീട് പ്രബോധനത്തില്‍ നിയമിക്കപ്പെട്ടു. പ്രമുഖരായ പണ്ഡിതരുടെ കൃതികളും ലേഖനങ്ങളും പ്രബോധനത്തിലൂടെ അദ്ദേഹം മലയാള വായനക്കാരുടെ മുമ്പിലെത്തിച്ചു. കൃതികള്‍: സ്ത്രീ ഇസ്‌ലാമിലും ഇതര സമൂഹങ്ങളിലും, ആധുനിക ചിന്തകള്‍, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മാപ്പിള സമുദായം ചരിത്രം സംസ്‌കാരം, ഒരു ജാതി ഒരു ദൈവം,  അറബി മലയാള വര്‍ണമാല, നബിചരിത്രം, പരലോക ജീവിതം, തര്‍ബിയത്ത്, ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, അബുല്‍ അഅ്‌ലാ, ധര്‍മസമരം, ഇസ്‌ലാമിലെ ഇബാദത്ത്: വിവര്‍ത്തനങ്ങള്‍ രൂപവും യാഥാര്‍ഥ്യവും, ദൈവ സങ്കല്‍പം കാലഘട്ടങ്ങളിലൂടെ, നിര്‍മാണവും സംഹാരവും, ഖത്മുന്നുബുവ്വത്ത്. 

അറബി, ഉര്‍ദു, പേര്‍ഷ്യന്‍, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിബ്രു ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന ടി.എം. ധാരാളം അറബി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിന്നുപോയ അല്‍ മുര്‍ശിദ് അറബി മലയാള മാസിക പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ 'നിബ്‌റാസുസ്സാരി' എന്ന കവിത അതില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും ധാരാളം അറബി ഉര്‍ദു കവിതകള്‍ കാണാന്‍ കഴിയും.

മരണം: 1988 ജൂലൈ 10.

 

Feedback