Skip to main content

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

അറേബ്യയില്‍ നിന്നാണ് മഖ്ദും കുടുംബത്തിന്റെ വരവ്. തമിഴ്‌നാട്ടിലെ കൊറമാണ്ടല്‍ തീരത്താണ് ആദ്യമായി കുടിയേറിപ്പാര്‍ത്തത്. കൊറമാണ്ടല്‍ തീരം സിലോണിലേക്ക് തുറക്കുന്ന കവാടമായതിനാല്‍ 'കടത്ത്' എന്നര്‍ഥമുള്ള മഅ്ബര്‍ എന്നാണ് അറബികള്‍ ഈ തീരത്തെ വിളിച്ചിരുന്നത്. അതിനാല്‍ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്റെ മുന്‍ഗാമികളെല്ലാം മഅ്ബരികള്‍ എന്ന് പേരിനൊപ്പം ചേര്‍ത്തു. തമിഴ്‌നാട്ടിലെ കീളക്കര, കായല്‍പട്ടണം, മധുര, തിരുച്ചിറപ്പള്ളി, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്‌ലാമിക പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് മഅ്ബരികളാണ്.

ശൈഖ് അഹ്മദിന്റെ മകന്‍ ശൈഖ് ഇബ്‌റാഹീം ആണ് മഅ്ബരി കുടുംബത്തില്‍ നിന്ന് ആദ്യമായി പൊന്നാനിയിലെത്തിയത്. പൊന്നാനി ദേശക്കാരുടെ ക്ഷണപ്രകാരം ഖാദി സ്ഥാനം ഏറ്റെടുക്കാനാണ് അദ്ദേഹം എത്തിയത്. ഇദ്ദേഹത്തിന്റെ പൗത്രനാണ് പ്രഗത്ഭനായ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍.

കൊച്ചിയിലായിരിക്കെ 1467ലാണ് സൈനുദ്ദീന്‍ ജനിക്കുന്നത്. സൈനുദ്ദീന്‍ ഇബ്നു അലി ഇബ്നു അഹ്മദ് അല്‍മഅ്ബരി എന്നാണ് മുഴുവന്‍ പേര്. അബൂയഹ്‌യാ എന്ന വിളിപ്പേരുണ്ടായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടതിനാല്‍ പിതൃവ്യന്‍ ശൈഖ് ഇബ്‌റാഹീമിന്റെ കൂടെയാണ് സൈനുദ്ദീന്‍ വളര്‍ന്നത്. പൊന്നാനിയിലേക്ക് താമസം മാറിയപ്പോള്‍ അദ്ദേഹം സൈനുദ്ദീനെയും കൂട്ടി. ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കിയ സൈനുദ്ദീന്‍ അറബി വ്യാകരണവും കര്‍മശാസ്ത്രവും പ്രാഥമികമായി പൊന്നാനിയില്‍ വെച്ചു പഠിച്ചു. പിന്നീട് കോഴിക്കോട് ഖാദിയായിരുന്ന അബൂബക്ര്‍ ഫഖ്‌റുദ്ദീന്‍ ശാലിയാത്തിയോടൊപ്പം ഏഴുവര്‍ഷത്തോളം താമസിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പഠിച്ചു.

മക്കയിലേക്ക് ഉപരിപഠനത്തിന് പോയതാണ് ശൈഖ് സൈനുദ്ദീന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായത്. ഇമാം ജലാലുദ്ദീന്‍ സുയുഥ്വി, സയ്യിദ് അബൂബക്ര്‍ ഹദ്‌റമി, സയ്യിദ് ഹുസൈന്‍ ഹൈദറുസി, ഇമാം അഹ്മദ്ബ്‌നു ശംസുദ്ദീന്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരുമായെല്ലാം ശൈഖ് സൈനുദ്ദീന് ഈടുറ്റ ബന്ധുമുണ്ടായിരുന്നു. ഇമാം നൂറുദ്ദീന്‍ മഹല്ലി, കമാലുദ്ദീന്‍ ദിമശ്ഖി, ശിഹാബുദ്ദീന്‍ ഹിംസി എന്നിവര്‍ സഹപഠികളുമായിരുന്നു.

മക്കയില്‍ നിന്ന് ഈജിപ്തിലേക്കാണ് പോയത്. മലയാളിയായ ആദ്യത്തെ അസ്ഹര്‍ വിദ്യാര്‍ഥിയാണ് ശൈഖ് സൈനുദ്ദീന്‍. അവിടെ ഹദീസ് പഠനത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. ലോകോത്തര ഹദീസ് പണ്ഡിതന്‍ ഖാദി അബ്ദുറഹ്മാന്‍ മിസ്വ്‌രിയായിരുന്നു പ്രധാന ഗുരു. പഠനശേഷം ഹദീസ് നിവേദനം ചെയ്യാനുള്ള അനുവാദം (ഇജാസ)ശൈഖ് സൈനുദ്ദീന്‍ ഗുരുവില്‍ നിന്ന് കൈവരിച്ചു.

കേരള മുസ്‌ലിംകള്‍ ചരിത്രപരമായ നിര്‍ണായക ഘട്ടത്തിലെത്തി നില്ക്കുമ്പോഴാണ് ശൈഖ് സൈനുദ്ദീന്‍ കേരളത്തില്‍ തിരിച്ചെത്തിയത്. വൈജ്ഞാനിക അതിജീവനത്തിനുള്ള മാര്‍ഗമാണ് ശൈഖ്സൈനുദ്ദീന്‍ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് പൊന്നാനിയിലെ പൗരമുഖ്യരുമായി കൂടിയാലോചിച്ച് ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതും പള്ളികേന്ദ്രീകരിച്ച് വ്യവസ്ഥാപിത മതപഠനത്തിന് തുടക്കമിട്ടതും. 'പള്ളി ദര്‍സ്' എന്ന പേരില്‍ പിന്നീട് വ്യാപകമാവുകയും പ്രചാരം നേടുകയും ചെയ്ത സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്. പൊന്നാനിയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ദിശാവ്യതിയാനത്തിന്റെ ആരംഭവുമായിരുന്നു അത്.

മുസ്‌ലിം ലോകം കണ്ട ഉജ്വലനായ പ്രബോധകനായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍. സാമ്രാജ്യത്വം ഏറ്റവും ഭീതിതമായ ഭീഷണിയായതിനാല്‍ അതിനെതിരെ ജിഹാദ് ചെയ്യാനാണ് ശൈഖ് സൈനുദ്ദീന്‍ മുസ്‌ലിംകളോട് ആജ്ഞാപിച്ചത്. ഒറ്റയ്ക്ക്ചെയ്യുന്നതിനു പകരം സാമ്രാജ്യത്വ വിരോധികളായ സര്‍വരേയും സംഘടിപ്പിച്ച് സമര രംഗത്തിറങ്ങാനാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. സാമൂതിരിയുടെ കീഴില്‍ പറങ്കികള്‍ക്കെതിരെ ജിഹാദിന് സജ്ജമാകണമെന്ന് ഓരോ മഹല്ലിലും ചെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

'തഹ്‌രീദ്' എന്ന സമരകാവ്യം രചിച്ച് സമരത്തിന് പ്രത്യയശാസ്ത്രപരമായകരുത്ത് പകരുകയും ചെയ്തു. 'തഹ്‌രീദു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി ഉബ്ദത്തിസ്സുല്‍ബാന്‍' എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം. സാമൂതിരിക്കു കീഴില്‍മുസ്‌ലിംകളും നായര്‍ പടയാളികളും ചേര്‍ന്ന് നടത്തുന്ന സമരത്തെയാണ് അദ്ദേഹം ജിഹാദ് എന്ന് വിളിച്ചത്. തഹ്‌രീദിനു പുറമെ മുര്‍ശിദുത്ത്വല്ലാബ്, സിറാജുല്‍ ഖുലുത്ത്, ശംസുല്‍ ഹുദാ, തുഹ്ഫരതുല്‍ അഹിയ്യാഅ്, ഹിദായതുല്‍ അദ്കിയാ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. 

1522ല്‍ 57ാം വയസ്സില്‍ അന്തരിച്ചു.
 

Feedback