Skip to main content

ഫലക്കി മുഹമ്മദ് മൗലവി

പണ്ഡിതനും കവിയും ചരിത്ര ഗവേഷകനും നവോത്ഥാന നായകനുമായിരുന്നു മുഹമ്മദ് ഫലക്കി മൗലവി. അഗാധമായ പാണ്ഡിത്യവും അപാരമായ ഓര്‍മ ശക്തിയും ദീര്‍ഘവീക്ഷണത്തോടെയുള്ള കാല്‍വെപ്പുകളും ഗുണകാംക്ഷാപരമായ സമീപനങ്ങളു മാണ് നവോത്ഥാന ചരിത്രത്താളുകളില്‍ മൗലവിയെ ശ്രദ്ധേയനാക്കുന്നത്.  

പ്രമുഖ പണ്ഡിതനും ഗോളശാസ്ത്ര നിപുണനുമായിരുന്ന പോക്കര്‍ മുസ്‌ലിയാരുടെ പൗത്രനാണ് മുഹമ്മദ് മൗലവി. ജ്യോതിശാസ്ത്രത്തിലെ നൈപുണ്യം മനസ്സിലാക്കിയ സുഹൃത്തുക്കള്‍ അക്കാലത്ത് മുസ്‌ലിയാരെ ഫലക്കി എന്ന് വിളിച്ചുപോന്നു. പോക്കര്‍ മുസ്‌ലിയാരുടെ മുത്ത മകന്‍ മൊയ്തുകുട്ടി മുസ്‌ലിയാരാണ് മുഹമ്മദ് ഫലക്കിയുടെ പിതാവ്. പാലക്കാട് ജില്ലയിലെമപ്പാട്ടുകര മുളയങ്കാവ് മൊയ്തുക്കുട്ടി മുസ്‌ലിയാരുടെയും കോരക്കോട്ടില്‍ ആഇശയുടെയും മകനായി 1913ല്‍ തിരുവേഗപ്പുറ വിളത്തുരിലാണ് മുഹമ്മദ് ഫലക്കിയുടെ ജനനം. പിതാവിനെ പോലെ തന്നെ പണ്ഡിത കുടുംബത്തില്‍ നിന്നുള്ള മഹതിയായിരുന്നു ഫലക്കിയുടെ മാതാവും. 

പട്ടാമ്പി പള്ളിയിലെ അബൂബക്കര്‍ മുസ്‌ലിയാരുടെയും കൈത്തക്കര മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ശിഷ്യത്വത്തില്‍ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഫലക്കി മതപഠനം നടത്തി. പട്ടാമ്പി പള്ളിദര്‍സിലെ പഠനത്തിന് ശേഷം ഫലക്കി കോലാറില്‍ പോയി അവിടെ ഖനിയിലിറങ്ങുന്നവര്‍ക്ക് വേണ്ടി യാസീന്‍ ഓതുന്ന ജോലി ചെയ്തു. പിന്നീട് മദ്രാസ് ജമാലിയ്യ കോളെജില്‍ ചേര്‍ന്നു. 1933ല്‍ അവിടെ നിന്ന് അഫ്ദലുല്‍ ഉലമ പാസായി. അതേ വര്‍ഷം തന്നെ പുന്നപ്ര ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നീട് മദ്രാസ് മുഹമ്മദന്‍സ് കോളെജില്‍ ലീവ് വേക്കന്‍സിയില്‍ അധ്യാപകനായി. കതിരൂര്‍ ഹൈസ്‌കൂള്‍, ചാവക്കാട് ഹൈസ്‌കൂള്‍, കുമരനല്ലുര്‍ ഹൈസ്‌കൂള്‍, എന്നിവിടങ്ങളിലും അധ്യാപകനായി. തൃശ്ശിനാപ്പള്ളി ജമാല്‍ മുഹമ്മദ്ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ അഞ്ചു വര്‍ഷം ഔദ്യോഗികസേവനം അനുഷ്ഠിച്ചു. മദ്രാസ് ജമാലിയ്യ കോളെജിലും തിരൂരങ്ങാടി കെ.എം.എം.ഒ അറബിക്കോളജിലും തലശ്ശേരി ദാറുസ്സലാം അറബിക് കോളജിലും അധ്യാപകനായി.

ഫലക്കിയുടെ പിതാവ് മൊയ്തുക്കുട്ടി മുസ്‌ലിയാര്‍, കൊടുങ്ങല്ലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കെ എം മൗലവിയുടെ ശിഷ്യനായത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുവഴിത്തിരിവായി. കൊടുങ്ങല്ലൂര്‍ 'ഐക്യവിലാസി'ല്‍ പല മഹാന്മാരുമായി നേരിട്ട് ഇടപഴകാന്‍ ഇതൊരവസരമായി. പഠന കാലത്ത് ഫലക്കി മൗലവി കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നു. ജമാലിയ്യ കോളെജില്‍ പഠിക്കുന്ന കാലത്ത് കുപ്പായമില്ലാത്തതിനാല്‍ സഹപാഠി കൂടിയായ സി എന്‍ അഹ്മദ് മൗലവിയുടെ പഴയ വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. 

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അറബി സാഹിത്യത്തിലും കവിതയിലും കഴിവു തെളിയിച്ച ഫലക്കി ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയനായ സാഹിത്യകാരനായി വളരുകയായിരുന്നു. 1930ല്‍ ഫരീദുദ്ദീന്‍ ഫറാഹി മരണപ്പെട്ടപ്പോള്‍ മുഹമ്മദ് ഫലക്കി എഴുതിയ 'ബലാഗനാ ഇര്‍ത്തിഫാഇല്‍ ഖുര്‍ആനി മിനദ്ദുന്‍യാ' എന്ന് തുടങ്ങുന്ന വിലാപകാവ്യം ഏറെ പ്രശംസിക്കപ്പെട്ടു. ഫലക്കി മൗലവി കവിതകള്‍ എഴുതിയിട്ടില്ലാത്ത വിഷയങ്ങള്‍ വിരളമാണ്. ഫലക്കി എഴുതിയ അത്ര കവിതകള്‍ രചിച്ച മറ്റൊരാളും കേരളത്തിലെ ആധുനിക അറബി കവികളിലുണ്ടാവില്ല. കവിതകളിലധികവും വിലാപഗാനങ്ങളും അനുശോചന ഗാനങ്ങളുമാണ്. മൗലാന മുഹമ്മദലി, സീതി സാഹീബ്, ശീറാസി, എം സി സി സഹോദരന്മാര്‍, മങ്കട ഉണ്ണീന്‍ മൗലവി തുടങ്ങിയവരെക്കുറിച്ച് എഴുതിയ വിലാപ കാവ്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത നല്ല മനുഷ്യന്‍ എന്നാണ് ഫലക്കി മൗലവിയെ പറ്റി അക്കിത്തം വിശേഷിപ്പിച്ചത്. 

അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പിറവി


1957ല്‍ മലപ്പുറത്ത് ഒരു ലോഡ്ജില്‍ വെച്ച് അറബിക് പണ്ഡിറ്റ് യൂനിയന് രൂപം നല്കിയപ്പോള്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഫലക്കി മൗലവിയായിരുന്നു. ഈ സംഘടനയാണ് പിന്നീട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആയി മാറിയത്. അതിന്റെയും സ്ഥാപക പ്രസിഡന്റായിരുന്നു മൗലവി. മലബാറിലെ പ്രഥമ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ (ഐ എം ഇ)ആയിരുന്നു അദ്ദേഹം.

അറബിക് ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയിലും പരീക്ഷാബോര്‍ഡിലും മൗലവി അംഗമായിരുന്നിട്ടുണ്ട്. മൗലവിയുടെ രചനകള്‍ആശയ സമ്പുഷ്ടത കൊണ്ടും ഭാഷാ ശൈലി കൊണ്ടും ഏറെ ആകര്‍ഷകമായിരുന്നു. ചന്ദ്രിക, അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍ബുശ്‌റ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.

റാബിയയാണ് മൗലവിയുടെ ഭാര്യ. ജാബിര്‍ മാസ്റ്റര്‍, പരേതയായ സുബൈദ, സല്മ, ഖദീജ, ആഇശ, സുറയ്യ എന്നിവരാണ് മക്കള്‍. 
 

Feedback