Skip to main content

മങ്കട ഉണ്ണീന്‍ മൗലവി

പിന്‍തലമുറക്ക് പഠിക്കാനും പകര്‍ത്താനും ഒട്ടേറെ മാതൃകകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ നേതാവാണ് മങ്കട പി.ഉണ്ണീന്‍ മൗലവി. പ്രഗത്ഭനായ മതപണ്ഡിതനും അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളക്കമാര്‍ന്ന സാന്നിധ്യവുമായിരുന്നു ഉണ്ണീന്‍ മൗലവി.

പരിയന്തടത്തില്‍ കുഞ്ഞായുവിന്റെയുംപുന്നക്കാടുകുഴി മമ്മാത്തു ഉമ്മയുടെയും മകനായി 1885ലാണ് ജനനം.  തോട്ടത്തൊടിക സൈതാലി മൊല്ലയുടെ കീഴിലായിരുന്നു പ്രാഥമിക മതപഠനം. രണ്ട് പതിറ്റാണ്ടോളം മങ്കട, കൂട്ടില്‍, അരിപ്ര, ചെമ്മങ്കടവ്, മുള്ളിയാകുര്‍ശി, മലപ്പുറം, വെട്ടത്തുര്‍, കട്ടിലശ്ശേരി എന്നിവിടങ്ങളിലെ പള്ളികളിലായി അദ്ദേഹം വിദ്യ അഭ്യസിച്ചു. വിശുദ്ധഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയിരുന്നു അദ്ദേഹം. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു.

കിതാബുകള്‍ നോക്കാതെ തന്നെ ആവശ്യമായ വിവരങ്ങളും പരിഹാരങ്ങളും നല്കുന്ന ഉണ്ണീന്‍ മൗലവിയുടെ പ്രകൃതം അന്നത്തെ ആളുകളില്‍ വലിയ കൗതുകവും ആദരവുമുണ്ടാക്കി. ചേകന്നൂര്‍ മൗലവി എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്ന കാലത്ത് സംശയനിവാരണത്തിനായി ഉണ്ണീന്‍ മൗലവിയെ തേടി മങ്കടയിലെത്തിയിരുന്നു. വാദപ്രതിവാദങ്ങളിലും തര്‍ക്കങ്ങളിലും ഉണ്ണീന്‍ മൗലവിക്ക് താല്പര്യമില്ലായിരുന്നു. മതവിധിക്കായി മാത്രമല്ല, മറ്റു പല പ്രശ്‌നങ്ങള്ക്കും പരിഹാരം തേടിയും നിരവധി ആളുകള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. ജാതി മതവ്യത്യാസമില്ലാതെ മിണ്ടാപ്രാണികളോട് പോലും അനുകരണീയമായ അനുകമ്പയാണ് അദ്ദേഹം കാണിച്ചിരുന്നത്. ജീവിതത്തിലുടനീളം ലാളിത്യം പുലര്‍ത്തിയിരുന്ന മൗലവി സദാ ഖദര്‍ ധാരിയായിരുന്നു.

മദീനത്തുല്‍ ഉലൂം, റൗദത്തുല്‍ ഉലൂം അറബിക് കോളജുകളുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം റൗദത്തുല്‍ ഉലൂം ആദ്യം ആനക്കയത്തും പിന്നീട് മഞ്ചേരിയിലും തുടര്‍ന്ന് ഫറോക്കിലേക്കും മാറ്റുന്ന അവസരങ്ങളിലെല്ലാം അബുസ്സബാഹ് മൗലവിയുടെ വലംകയ്യായി പ്രവര്‍ത്തിച്ചു. കെ.ജെ.യുവിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. വക്കം മൗലവി, കെ എം മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മങ്കടയും പരിസരവും ഉല്പതിഷ്ണുക്കളുടെ നാടായി അറിയപ്പെടുന്നത് മൗലവിയുടെ നിലപാടിലൂടെയാണ്.

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കെ പി സി സിഅംഗമായിരുന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്കും താലുക്ക് ബോര്‍ഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായിരുന്ന കാലത്താണ് ഒരു പാട് വിദ്യാലയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മങ്കടയില്‍ ആദ്യമായി സ്ഥാപിച്ച മദ്‌റസക്ക് മുഫീദുല്‍ ഉലും എന്നാണദ്ദേഹം നാമകരണം ചെയ്തത്. പിന്നീടത് അറബിക് കോളെജായി ഉയര്‍ത്തുകയുണ്ടായി. മഹല്ല് ഖാദിയായിരുന്ന മൗലവിയുടെ അടുത്തേക്ക് വ്യക്തിപരമായ എല്ലാ ആവശ്യങ്ങള്‍ക്കും ആളുകള്‍ ഉപദേശ നിര്‍ദേശങ്ങള്‍ തേടി എത്തിയിരുന്നു. രണ്ടു വര്‍ഷത്തോളം രോഗബാധിതനായികിടന്നാണ് അദ്ദേഹം മരിച്ചത്. രോഗശയ്യയിലും തന്റെ വായനയും പഠനവും തുടര്‍ന്നു. 

78ാം വയസ്സില്‍ 1963 ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. തോടേങ്ങല്‍ ആഇശ സാഹിബയാണ് ഉണ്ണീന്‍ മൗലവിയുടെ ഭാര്യ. മുഹമ്മദ്, അബ്ദുല്ല, ഉമ്മാത്തു എന്നിവരാണ് മക്കള്‍. 
 

Feedback