Skip to main content

കുഞ്ഞോയി വൈദ്യര്‍

1900 ഡിസംബര്‍ 22നാണ് ജനനം. ഇത്തിക്കുട്ടിയാണ് അദ്ദേഹത്തിന്റെ മാതാവ്, ചാലിലകത്തിന്റെ ശിഷ്യനായപ്പോഴും അന്വേഷണ തൃഷ്ണയും സത്യത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന് തുണയായി. മണ്ണാര്‍ക്കാട്ട് ഹാജി ദര്‍സാരംഭിച്ചപ്പോള്‍ അദ്ദേഹം അവിടെയും വിദ്യാര്‍ഥിയായി. 

മതപഠനം കഴിഞ്ഞിറങ്ങിയെങ്കിലും മുസ്‌ലിയാരാവാന്‍ ആഗ്രഹിച്ചില്ല. വൈദ്യം പഠിക്കാനാണ് പോയത്. 1934ല്‍ കൃഷ്ണയോഗിയെന്ന വൈദ്യന്റെ ശിഷ്യത്വം സ്വീകരിച്ചു. ആര്യവൈദ്യവും സംസ്‌കൃതവും അഭ്യസിച്ചു. അറബി വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്ന കുഞ്ഞോയി വൈദ്യരുടെ പ്രബോധനമുന്നേറ്റങ്ങള്‍ പൗരോഹിത്യ ത്തിന്റെ  ഉറക്കം കൊടുത്തി. വൈദ്യരെക്കൂടാതെ അന്ന് നല്ലളത്ത് മുല്ലവീട്ടില്‍ ഇമ്പിച്ചഹമ്മദ് എന്നൊരാള്‍കൂടി മാത്രമേ മുജാഹിദായി ഉണ്ടായിരുന്നുള്ളു. രണ്ടു പേരെയും മഹല്ലില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കുഞ്ഞോയിയും ഇമ്പിച്ചഹമ്മദും മഹല്ലിനെ ബഹിഷ്‌കരിക്കുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച് മഹല്ലു കമ്മിറ്റിയുടെ നീക്കത്തെ നിഷ്പ്രഭമാക്കുകയായിരുന്നു.

36ാം വയസ്സിലായിരുന്നു വിവാഹം. 1943ലാണ് കുഞ്ഞോയി വൈദ്യര്‍ കോഴിക്കോട്ടേക്ക് താമസം മാറ്റുന്നത്. എ.എസ് വൈദ്യശാല പില്‍ക്കാലത്ത് വിപ്ലവകരമായ പരിവര്‍ത്തനത്തിനും മുന്നേറ്റത്തിനും കാരണമായ സുപ്രധാനമായ പല ചര്‍ച്ചകള്‍ക്കും വേദിയായി. 'തബ്‌ലീഗുല്‍ ഇസ്‌ലാം സംഘം' എന്ന  സംഘടനക്കു രൂപംനല്കി. മുബല്ലിഗ് മൊയ്തീന്‍ കുട്ടി മൗലവി, ഹക്കീം അബൂബക്കര്‍ മൗലവി എന്നിവരെ രണ്ട് രൂപ ദിവസ വേതനം നിശ്ചയിച്ച് ദഅ്‌വത്തിന് നിയോഗിച്ചു. കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു പോക്കിരിയായിരുന്നു സിയാലിവീട്ടില്‍ ഇമ്പിച്ചിക്കോയ ഹാജി ഖുര്‍ആന്‍ ക്ലാസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. 'ഒരിക്കലെങ്കിലും കേള്‍ക്കിന്‍ എന്നിട്ട് നമുക്ക് തീരുമാനമെടുക്കാ'മെന്ന് പറഞ്ഞു വൈദ്യര്‍. ക്ലാസ് കേള്‍ക്കാനെത്തിയ ഇമ്പിച്ചിക്കോയഹാജിക്ക് മനം മാറ്റമുണ്ടായി.

1950 കളുടെ തുടക്കത്തില്‍ കുഞ്ഞോയി വൈദ്യരുടെ കടയില്‍ നടന്ന ഒരു ചര്‍ച്ചയാണ് 'അല്‍മനാറി'ന്റെ പ്രസിദ്ധീകരണത്തിന് വഴിവെച്ചത്. ബി വി അബ്ദുല്ലക്കോയയുടെ ഉടമസ്ഥതയില്‍ ഓയിറ്റി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സിലോണ്‍ ഹൗസ് പ്രിന്റേഴ്‌സിലാണ് 'അല്‍മനാര്‍' അച്ചടി ആരംഭിച്ചത്. സ്വന്തമായൊരു പ്രസ്സ് എന്ന ആലോചനയാണ് അല്‍ഹിലാല്‍ പ്രസ്സിന്റെ സ്ഥാപനത്തിന് വഴിതുറന്നത്. കുഞ്ഞോയി വൈദ്യര്‍ മാനേജിംഗ് ഡയറക്ടറായുള്ള അല്‍മനാര്‍ ലിമിറ്റഡിനു കീഴിലാണ് പ്രസ്സ് തുടങ്ങിയത്. 

ആദ്യത്തെ കെ എന്‍ എം കമ്മിറ്റിയുടെ ട്രഷറര്‍

കേരള ജംഇയ്യത്തുല്‍ഉലമയുടെപ്രവര്‍ത്തനം പണ്ഡിതന്മാരിലാണ് പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. സാധാരണക്കാരുമായി കെ.ജെ.യുവിന്റെ ബന്ധം പൊതുസംഘ ടനയോളം വ്യാപകമാക്കാന്‍ കഴിയുമായിരുന്നില്ല. ബഹുജന സംഘടന രൂപീകരിക്കാനായി കുഞ്ഞോയി വൈദ്യരുടെ നേതൃത്വത്തില്‍ കെ എം മൗലവിയെ ചെന്ന് കണ്ട് സംസാരിച്ചു. 1950 ഏപ്രില്‍ 20ന് അല്‍മനാര്‍കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കെ എം മൗലവിയായിരുന്നു അധ്യക്ഷന്‍. കേരളത്തിലെ ഉലമാക്കളും പ്രമാണികളും പൊതുജനങ്ങളുമെല്ലാംചേര്‍ന്നു കൊണ്ടുള്ള പ്രബലമായ ഒരു സംഘടന വേണമെന്ന ആവശ്യം ഐകകണ്‌ഠ്യേന യോഗം അംഗീകരിച്ചു. പതിമൂന്നംഗ കമ്മിറ്റിക്കും രൂപം നല്കി. കെ എം മൗലവി പ്രസിഡന്റും പി കെ മൂസ മൗലവി, വി സൈദ് ഹാജി കൊച്ചി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എന്‍ വി അബ്ദുസ്സലാം മൗലവി സെക്രട്ടറിയും എ കെ അബ്ദുല്ലത്വീഫ് മൗലവി അസി. സെക്രട്ടറിയും കുഞ്ഞോയി വൈദ്യര്‍ ഖജാഞ്ചിയുമായി തെരഞ്ഞെടുക്കപ്പെട്ടു. നിട്ടൂര്‍ വീട്ടില്‍ അബ്ദുല്ല ഹാജി വടക്കര, എം കെ ഹാജി, കുന്നത്ത്മുഹമ്മദ് പരപ്പനങ്ങാടി, എന്‍ കുഞ്ഞിത്തറുവായിഹാജി കോഴിക്കോട്, എം അഹ്മദ്കുഞ്ഞി ഹാജി, എം ശൈഖ് മുഹമ്മദ് മൗലവി, ഇ കെ മൗലവി എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങള്‍. 

അബുസ്സബാഹ് മൗലവിയോടൊത്ത് പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രംഫറോക്കിലേക്ക് മാറ്റിയതിന് പിന്നില്‍ വൈദ്യരായിരുന്നു. റൗദത്തുല്‍ ഉലൂമിനു വേണ്ടി സ്ഥലം കണ്ടെത്തിയതും അദ്ദേഹം തന്നെ. റൗദത്തിന്റെ  മാനേജര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. തിരൂരങ്ങാടി യതീംഖാനയുടെയും സ്ഥപക മെമ്പറാണ്.

അല്‍മനാര്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ആരോഗ്യ ലേഖനങ്ങളും മറ്റു വൈജ്ഞാനിക മതലേഖനങ്ങളും എഴുതി. അല്‍കഹ്ഫിന്റെ പരിഭാഷ എഴുതിയിട്ടുണ്ട്. 1999 ജൂണ്‍ 3 വ്യാഴാഴ്ച രാത്രി 99ാം വയസ്സിലാണ് മരിച്ചത്. സൈനബ, ഡോ. അബ്ദുല്‍ മജീദ്, റസിയ, കരീമ, സുലൈഖ, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹക്കീം എന്നിവരാണ് മക്കള്‍. 
 

Feedback