Skip to main content

എ അലവി മൗലവി

1956 ലെ ഒരു പ്രഭാതം. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള ഓട്ടുപാറ എന്ന ഗ്രാമത്തിലെ ഒരജ്ഞാത കേന്ദ്രം. എടവണ്ണ എ അലവി മൗലവിയും സ്‌നേഹിതരായ തൃപ്പനച്ചി സി പി കുഞ്ഞിമൊയ്തീന്‍ മൗലവിയും ഒറ്റപ്പാലത്തെ ടി പി മുഹമ്മദ് മൗലവിയും ഒരു മുറിയില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്.  ഓട്ടുപാറയില്‍ യാഥാസ്ഥിതിക വിഭാഗവുമായി വാദപ്രതിവാദം കഴിഞ്ഞ് നാട്ടിലേക്കു പോകും വഴി അക്രമികള്‍ വാഹനം തടഞ്ഞ്, ആയുധം കാട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. ജനല്‍പഴുതിലൂടെ നോക്കിയപ്പോള്‍ കഴുത്തറുക്കാന്‍ കത്തിയണയ്ക്കുന്നതാണ് കണ്ടത്. 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളാകാനുള്ള അവസരം അടുത്തുവെന്ന് അവര്‍ ഉറപ്പിച്ചു. ശത്രുക്കള്‍ അവരെ വല്ലാതെ ഉപദ്രവിച്ചു. അവസാനത്തെ ആഗ്രഹമെന്താണെന്ന് ചോദിച്ചു. വെള്ളം കുടിക്കണമെന്നും പള്ളിയില്‍ പോയി നമസ്‌കരിക്കണണെന്നും ആവശ്യപ്പെട്ടു. നമസ്‌കരിക്കാനായി അടുത്തുള്ള സ്രാമ്പിയയിലേക്ക് മൂവരെയും കൂട്ടി അക്രമിസംഘം നടന്നുപോകുന്നത് ഒരു അമുസ്‌ലിം സഹോദരന്റെ ശ്രദ്ധയില്‍പെട്ടു. ഇതില്‍ അലവി മൗലവിയെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ കണ്ടു പരിചയമുണ്ടായിരുന്ന അയാള്‍ക്ക് കാര്യങ്ങളില്‍ പന്തികേടു തോന്നുകയും അയാള്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് കുതിച്ചെത്തിയതോടെ അക്രമികള്‍ ഓടിമറഞ്ഞു. ഈ സംഭവത്തിനു ശേഷം മാനസാന്തരം വന്ന നിരവധി പേര്‍ പിന്നീട് മുജാഹിദ് ആദര്‍ശത്തിലേക്ക് വരികയുണ്ടായി.

1911ല്‍ ആല്‍പ്പെറ്റ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മൊല്ലയുടെയും ഭാര്യ ഫാത്വിമയുടെയും മകനായിമേലാറ്റൂര്‍ എടപ്പറ്റയിലാണ് അലവി മൗലവി ജനിച്ചത്. 'പഠിച്ചതോതു'ന്നതിനു പകരം പഠിച്ചതിനപ്പുറം ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന ഈ ശല്യക്കാരനെ ഉള്‍ക്കൊള്ളാന്‍ ദര്‍സ് നടത്തിപ്പുകാര്‍ക്കായില്ല. പല ദര്‍സുകളിലായി മാറി മാറി പഠിക്കേണ്ടിവന്നു ഒടുവില്‍ തൊടികപ്പുലം മമ്മു മൗലവിയുടെ ദര്‍സില്‍ എത്തിപ്പെട്ടു അത് മൗലവിയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. നടപ്പുകള്‍ക്കും ധാരണകള്‍ക്കുമപ്പുറം പ്രമാണബദ്ധമായും യുക്തി സഹമായും കാര്യങ്ങളെസമീപിക്കാന്‍ ഉല്‍പതിഷ്ണുവായ മമ്മു മൗലവിയുടെ ശിഷ്യത്വത്തിലൂടെവഴിയൊരുങ്ങി. മമ്മു മൗലവിയുടെയും തുടര്‍ന്ന് ഗുരുവായി തെരഞ്ഞെടുത്ത അബുസ്സബാഹ് അഹ്മദലി മൗലവിയുടെയും സാമീപ്യം ഇസ്‌ലാഹി ആദര്‍ശ പഠനത്തിന് ഏറെ സഹായകമായി. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, സൂറത്ത്, ദയൂബന്ദ് തുടങ്ങിയ പ്രസിദ്ധ മതപാഠശാലകളില്‍ പഠനം നടത്തി.
 
ഇക്കാലയളവിലാണ് അലവി മൗലവി ദേശീയപ്രസ്ഥാനത്തില്‍ സജീവമാവുന്നത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഉര്‍ദു ഭാഷയില്‍ അദ്ദേഹത്തിന് നല്ല പ്രാവീണ്യമായിരുന്നതിനാല്‍ മജ്‌ലിസുശ്ശൂറയുടെ നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ അലവി മൗലവിയാണ് അവരുടെ പ്രസംഗങ്ങളും മറ്റും മൊഴിമാറ്റം നടത്തിയിരുന്നത്. തന്റെ പ്രഗത്ഭനായ ശിഷ്യനെ തന്നെഎടവണ്ണയിലേക്ക് നിയോഗിച്ചാണ് മമ്മു മൗലവിഅവിടെ നിന്നും പിന്‍വാങ്ങിയത്. എടവണ്ണയിലെത്തിയ മൗലവി കല്ലുവെട്ടി പ്പള്ളിയില്‍ ഇമാമും ഖത്വീബുമായി നിയമിതനായി. ആണ്ടവരുടെ ജാറമെന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ജാറം അന്ന് ആ പള്ളിയിലുണ്ടായിരുന്നു. പുതിയ മൗലവിയുടെ നേതൃത്വത്തിലുള്ളആദ്യ ജുമുഅക്ക് താല്‍പ്പര്യത്തോടെയാണ് ജനങ്ങളെത്തിയത്. എന്നാല്‍ മൗലവിയുടെ പ്രവൃത്തികള്‍ സകലരെയും അമ്പരിപ്പിച്ചു. മആശിറ വിളിച്ച്മുക്രി നല്കിയ വാള്‍വാങ്ങി മിന്‍ബറിന്റെ പിന്നിലേക്ക് മാറ്റിവെച്ചു, പിന്നീട് നബാത്തിയ ഖുത്വുബയുടെ ഏട് നീക്കിവെച്ച്ഹംദും സ്വലാത്തും ചൊല്ലി സാരസമ്പുഷ്ടമായ മലയാള ഖുത്വ്ബ. തൊട്ടടുത്ത ദിവസം തന്നെഒരുപറ്റമാളുകള്‍ ജാറം പൊളിക്കാന്‍ രംഗത്തെത്തി. ജാറം പൊളിച്ച് കഴിഞ്ഞപ്പോള്‍ ജഡാവശിഷ്ടത്തിന് പകരം കുറെ കരിക്കട്ടകളായിരുന്നു അവിടെയുണ്ടാ യിരുന്നത്. ജിന്ന് ബാധയുടെ പേരില്‍ ഒഴിഞ്ഞുകിടന്നിരുന്ന 42 മുറികളുള്ള ഒരുപഴയ വീടാണ് അന്ന് താമസിക്കാന്‍ അലവി മൗലവി തെരഞ്ഞെടുത്തത്. 

1976 മെയ് 1 മുതല്‍ 12 വരെ നടന്ന പ്രസിദ്ധമായ കുറ്റിച്ചിറ വാദപ്രതിവാദത്തില്‍ സ്‌റ്റേജിന് പിന്നില്‍ പണ്ഡിതരുടെ കരുത്തായി അലവി മൗലവി മുഴുവന്‍ സമയവും ഉണ്ടായിരുന്നു. പൂനൂര്‍, കൊടിയത്തൂര്‍ വാദപ്രതിവാദങ്ങളിലെല്ലാം മൗലവിയുടെ ഉജ്വല നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

എറണാകുളത്ത് സ്ഥാപിക്കാന്‍ ആലോചിച്ചിരുന്ന ജാമിഅ നദ്‌വിയ്യ, എടവണ്ണയില്‍ തന്നെ സ്ഥാപിതമായത് മൗലവിയുടെ താല്പര്യപ്രകാരമാണ്. ജാമിഅയുടെ സ്ഥാപനത്തിനായി രൂപീകരിച്ച കമ്മിറ്റിയിലെമുഖ്യാംഗമായിരുന്നു അദ്ദേഹം. പിന്നീടവിടെ അധ്യാപകനായും പ്രിന്‍സിപ്പലായും സ്ഥാപനത്തിന്റെമാനേജിംഗ് ട്രസ്റ്റിയായുമൊക്കെ പ്രവര്‍ത്തിച്ചു. ജാമിഅ നദ്‌വിയ്യയിലെ കുട്ടികള്‍ പട്ടിണി കിടക്കുമ്പോള്‍ അദേഹവും പട്ടിണിയായിരിക്കും. മരണം വരെജാമിഅയുടെ എല്ലാമെല്ലാമായിരുന്നു മൗലവി.

ബൃഹത്തായ ഒരു മലയാള തഫ്‌സീര്‍ തയ്യാറാക്കാന്‍ നിയുക്തരായ മൂന്ന് പണ്ഡിതരിലൊരാള്‍ അലവി മൗലവിയായിരുന്നു. മുഹമ്മദ് അമാനി മൗലവിയും അലവി മൗലവിയും പി കെ മൂസ മൗലവിയും ചേര്‍ന്ന് തുടങ്ങിയ തഫ്‌സീറിന്റെ രചനയ്ക്കായി കുറച്ചു കാലം അദ്ദേഹം വീട്ടില്‍ നിന്ന് മാറിത്താമസിച്ചിരുന്നു. പ്രസിദ്ധമായ മുത്തനൂര്‍ പള്ളികേസിന്റെ നടത്തിപ്പിനായി നദ്‌വത്തുല്‍ മുജാഹിദീന്‍ 1954 ആഗസ്തില്‍ രൂപം കൊടുത്ത ഇംദാദുല്‍ ജിഹാദ് കമ്മിറ്റിയുടെ കണ്‍വീനറായി തെരഞ്ഞെടുത്തത് അലവി മൗലവിയെയായിരുന്നു.

മേലാറ്റൂര്‍ സ്വദേശി ആഇശയാണ് ആദ്യഭാര്യ. ആദ്യഭാര്യയില്‍ മൗലവിക്ക് രണ്ട് മക്കളുണ്ട്. മുഹമ്മദ് അമീനും അബൂബക്കറും. മുഹമ്മദ് അമീന്‍ പ്രഗത്ഭനായ ഒരു പണ്ഡിതനായിരുന്നു. കെ എന്‍ എമ്മിനെ അഹ്‌ലെ ഹദീസുമായി ബന്ധിപ്പിച്ചത് മുഹമ്മദ് അമീനായിരുന്നു. ഫാത്വിമക്കുട്ടിയെ രണ്ടാമത് വിവാഹം ചെയ്തു. ജമീലടീച്ചര്‍, അബ്ദുസ്സലാം സുല്ലമി, അബ്ദുല്ല നദ്‌വി, സഈദ്, റഹ്മാബി, മുജീബുര്‍റഹ്മാന്‍, മുബാറക് എന്നിവരാണ് മക്കള്‍.

Feedback