Skip to main content

സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍

പണ്ഡിതര്‍, സാധാരണക്കാര്‍, മഹല്ല് നിവാസികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, കുട്ടികള്‍ അങ്ങനെ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രിയങ്കരനും സുപരിചിതനുമായിരുന്നു സമസ്തയുടെ ഉന്നത നേതാവായിരുന്ന സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍. സുന്നി യുവജന സംഘം, മഹല്ല് ഫെഡറേഷന്‍, എസ് കെ എസ് എസ് എഫ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി തുടങ്ങിയവയിലെ അംഗമായിരുന്നു അദ്ദേഹം. 

ചീരങ്ങന്‍ മുഹമ്മദ് മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി വാളക്കുളം പറപ്പൂരിലാണ് 1930 ഡിസംബർ 30 ന് സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ ജനിച്ചത്. എന്നാല്‍ മാതാവിന്റെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ അദ്ദേഹത്തിന് വിധിയുണ്ടായിരുന്നില്ല. അദ്ദേഹം ജനിച്ചതിന്റെ പിറ്റേദിവസം തന്നെ മാതാവ് നാഥനിലേക്ക് യാത്രയായി. 

സ്വദേശത്ത് വെച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാരിമൂഴിക്കല്‍ പി.കെ. മുഹമ്മദ് കുട്ടി മുസലിയാരുടെയും ശേഷം ചെറുവൂരില്‍ പ്രസിദ്ധ പണ്ഡിതന്‍ പൂവാടന്‍ മൊയ്തീന്‍ ഹാജിയുടെയും  ദര്‍സില്‍ പഠനം തുടര്‍ന്നു. പിന്നീട് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിലേക്ക് തിരിച്ചു. 

പഠനശേഷം നാട്ടിലെത്തിയ ഹൈദ്രോസ് മുസ്‌ലിയാര്‍ ഊരകം കോണ്ടിത്തോട് പള്ളിയില്‍ മുദരിസായി സ്ഥാനമേറ്റു. വര്‍ഷംതോറുമുള്ള മത പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സുപരിചിതനായ അദ്ദേഹം പിന്നീട് കോന്നിത്തോട് മുസ്‌ലിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. 1977ല്‍ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി അദ്ദേഹം രംഗത്തിറങ്ങി. മഹല്ല് ഫെഡറേഷന്റെ ഭാരവാഹിയായിരുന്ന അദ്ദേഹം പ്രഖ്യാപിത ആശയങ്ങള്‍ തന്റെ സ്വന്തം മഹല്ലില്‍ ആദ്യമായി നടപ്പില്‍ വരുത്തിയിരുന്നു. ആരാധനാ കാര്യങ്ങളിലുള്ള കൃത്യനിഷ്ഠ, പ്രായഭേദമന്യേ വിനയത്തോടെയുള്ള പെരുമാറ്റം, ദീനീ സ്ഥാപനങ്ങളോടും സംഘടനാകളോടുമുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം എന്നിവ ആ മഹാനുഭാവന്റെ മുഖമുദ്രയായിരുന്നു.

അനാഥകളോട് അതിയായ കാരുണ്യം കാട്ടിയിരുന്ന മുസ്‌ലിയാര്‍ മൂന്ന് അനാഥപ്പെണ്‍കുട്ടികളെ വീട്ടില്‍ വളര്‍ത്തുകയും നല്ല രീതിയില്‍ കല്യാണം കഴിച്ചയക്കുകയും ചെയ്തു. ജീവിതകാലം മുഴുവന്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം 1994 മെയ് 7ന് നിര്യാതനായി. 

Feedback