Skip to main content

പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍

സമസ്ത സുന്നിയുടെ അറിയപ്പെട്ട നേതാവും സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്നു പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍.

നൂറുദ്ദീന്റെയും തിത്തുവിന്റെയും പുത്രനായി മമ്പുറം തറമ്മല്‍ പ്രദേശത്താണ് ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ പാങ്ങിലേക്ക് സ്ഥലം മാറി താമസിച്ചത് കൊണ്ടാണ് ആ പേരില്‍ അറിയപ്പെട്ടത്. മാതാപിതാക്കളുടെ അതീവ ശ്രദ്ധയില്‍ വളര്‍ന്ന അദ്ദേഹം ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി.

പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ നിന്നും ദര്‍സ് പഠനം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൂര്‍ത്തിയാക്കിയ അദ്ദഹം ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാതുസ്വാലിഹാതിലേക്ക് തിരിച്ചു. ബാഖിയാതിന്റെ സ്ഥാപകന്‍ ശാഹ് അബ്ദുല്‍ വഹാബിന്റെയടക്കം ശിഷ്യത്വം നേടാന്‍ ഭാഗ്യം ലഭിച്ച അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ 1915 ല്‍ ബാഖിയാതില്‍ നിന്ന് ബിരുദം നേടി.

ബാഖിയാതില്‍ നിന്നും നാട്ടിലെത്തിയ അദ്ദേഹം പടന്ന ജുമാ മസ്ജിദില്‍ ദര്‍സ് ആരംഭിച്ച് കൊണ്ട് കര്‍മരംഗത്തേക്ക് കടന്നുവന്നു. പണ്ഡിനും മുഫ്തിയുമായിരുന്ന അദ്ദേഹം പ്രാസംഗികന്‍, കവി, ഗ്രന്ഥകാരന്‍, സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു. തന്റെ കഴിവ് മുഴുവന്‍ അദ്ദേഹം ചെലവഴിച്ചത് കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. താനൂര്‍, മണ്ണാര്‍ക്കാട്, പടന്ന എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം താനൂരിലെ പള്ളി ദര്‍സ് 'ഇസ്‌ലാഹൂല്‍ ഉലൂം' അറബിക് കോളേജ് ആയി ഉയര്‍ത്തി. അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമായിരുന്നു ആ സ്ഥാപനത്തിന്റെ പിന്നിലുണ്ടായിരുന്നത്.

മൂന്ന് വിവാഹം കഴിച്ചിരുന്നു അഹമ്മദ്കുട്ടി മുസ്‌ലിയാര്‍. കൊറ്റോത്ത് വീട്ടില്‍ സൈതലവി ലഹാജിയുടെ മകള്‍ ഖദീജയാണ് ഒന്നാം ഭാര്യ. വല്ലപ്പുഴ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് രണ്ടാം ഭാര്യ. ഇവരില്‍ അദ്ദേഹത്തിന് നാലുമക്കളുണ്ടായി. പിന്നീട് പൊന്നാനിയില്‍ നിന്ന് ഒരു വിവാഹംകൂടി അദ്ദേഹം ചെയ്തിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച സമസ്തയുടെ ഈ നേതാവ് ഹിജ്‌റ 1365 ദുല്‍ഹിജ്ജ 25ന് (ക്രി. 1944) ഇഹലോകവാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍


അന്നഹ്ജുല്‍ ഖവീം
തന്‍വീഹില്‍ മന്‍ത്വിബി ഫീ ശറഹി തസ്‌രീഹില്‍ മന്‍ത്വിഖി
ഇബ്‌റാസുല്‍ റുഹ്മല്‍
തുഹ്ഫതുല്‍ അഹ് ബാബ്
ഇസാഹാമതില്‍ ഹംസ
 

Feedback