Skip to main content

എന്‍ വി അബ്ദുസ്സലാം മൗലവി

വിമോചന സമരത്തിനു ശേഷം കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങിയ കാലം. നേതാക്കള്‍ക്കിടയില്‍ ധാരണ ആയെങ്കിലും അണികളില്‍ ഉയര്‍ന്ന ആശയക്കുഴപ്പങ്ങള്‍ പടര്‍ന്നുപിടിച്ചു. ഈ ആശയക്കുഴപ്പത്തിന് വിരാമമിട്ടത് ഒരു മൗലവിയുടെ ഫത്വ്‌വയായിരുന്നു. ഹുദൈബിയ സന്ധിയുടെ ചരിത്രം ഉദ്ധരിച്ച് എന്‍ വി അബ്ദുസ്സലാം മൗലവി സ്റ്റേജുകളില്‍ നിന്ന് പ്രസംഗിച്ചു. ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ഒഴുകിപ്പരക്കുന്ന രാഷ്ട്രീയപ്രസംഗമാണ് അണികളുടെ മനമിളക്കം മാറ്റിയത്.


ഒരു വ്യക്തിയുടെ ചരിത്രം ഒരു പ്രദേശത്തിന്റെ വളര്‍ച്ചയുടെ, വിദ്യാഭ്യാസ, സാമൂഹ്യരംഗത്തെ പുരോഗതിയുടെ ചരിത്രമാകുന്നത് നേരിട്ടു കാണാം, മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന പ്രദേശത്ത് പോയാല്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയുടെ അടിത്തറ പാകിക്കൊണ്ട് 1950ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ എന്‍ വി അബ്ദുസ്സലാം മൗലവിയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. കെ എം മൗലവി പ്രസിഡന്റും.  കെ എന്‍ എം ജന. സെക്രട്ടറി മുസ്‌ലിംലീഗിന്റെ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനെതിരെ ചിലര്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് മൗലവി കെ എന്‍ എമ്മിലെ സ്ഥാനം രാജിവെച്ചു. നാട്ടില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാവുകയും രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുകയും ചെയ്തു. മലബാര്‍ മുസ്‌ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറിയും വിമോചന സമര കാലത്ത് മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഭാഷയില്‍ പാണ്ഡിത്യമുണ്ടായിരുന്ന മൗലവിയാണ് നേതാക്കളായിരുന്ന ലിയാഖത്ത് അലി ഖാന്‍, സത്താര്‍ സേട്ടു, ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്നത്.


ഖുര്‍ആന്‍ പഠനത്തോടും യഥാര്‍ഥ പ്രമാണങ്ങളോടും മുഖംതിരിച്ചു നിന്ന മുസ്‌ലിംകളില്‍ വ്യത്യസ്തനായിരുന്ന ബീരാന്‍ മുസ്‌ലിയാരുടെ മകള്‍ ആഇശയാണ് എന്‍ വിയുടെ മാതാവ്. താച്ചുമ്മ എന്ന ഇവരുടെ പേര്, പിന്നീട് മൗലവി ആഇശ എന്നാക്കി മാറ്റുകയായിരുന്നു. 1913ല്‍ ഒഴുകൂരില്‍ ജനനം. എന്‍ വി മമ്മദാണ് പിതാവ്. അരീക്കോട് ജി എം യു പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സഭ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 1935ല്‍ അരീക്കോട് ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായി നിയമിതനായി. മലപ്പുറം ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ വീണ്ടും വിദ്യാര്‍ഥിയായി. 1940ല്‍ 27 ാം വയസ്സില്‍ എസ് എസ് എല്‍ സി പാസായി. ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് മൗലവി തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് പഠിച്ചത്.


1941ല്‍ തിരൂര്‍മജിസ്റ്റ്രേട്ട് കോടതിയില്‍ ഗുമസ്തനായി ജോലി ലഭിച്ചു. 1942ല്‍ വടകര താലൂക്ക് ഓഫീസില്‍ ജോലി ചെയ്യവേ അതുപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം തിരൂരങ്ങാടി യതീംഖാനയുടെ പ്രഥമ മാനേജരായി ചുമതലയേറ്റു.


1944 സപ്തംബര്‍ 20ന് ചെറിയ പെരുന്നാള്‍ ദിനത്തില്‍ അരീക്കോട് താഴത്തങ്ങാടി എം കെ മമ്മദിന്റെ വീട്ടില്‍ നടന്ന ഒരു യോഗമാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍രൂപീകരണത്തിന് വേദിയായത്. എന്‍ വി അബ്ദുസ്സലാം മൗലവി പ്രസിഡന്റായി കമ്മിറ്റിക്ക് രൂപംനല്കി. പിന്നീട് മുജാഹിദുല്‍ ഇസ്‌ലാം എന്ന ഒരു സംഘമായി ഇതിനെ പുനഃക്രമീകരിച്ചു. പിന്നീട് സംഘത്തിന്റെ പേര് ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്നാക്കി മാറ്റി.


ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിന്നായി പ്രായോഗികവും ശാസ്ത്രീയവുമായ രീതി നടപ്പാക്കുകയും ചെയ്തു എന്നതാണ് മൗലവിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. 1945 ജനുവരി 2ന് മേത്തലങ്ങാടി പള്ളിയില്‍ വച്ചാണ് അബ്ദുസ്സലാം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചത്. ഓരോ ദിവസവും ഓരോ പേജ് വീതം അര്‍ഥസഹിതം പഠിച്ച് രണ്ട് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും പഠിക്കാനുതകുന്ന ശാസ്ത്രീയമായ രീതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. കെ എം മൗലവിയുടെ നിര്‍ദേശപ്രകാരം റശീദ് രിദയുടെ തഫ്‌സീറുല്‍ മനാറിനെ അവലംബിച്ചാണ് ക്ലാസ് നടത്തിയിരുന്നത്. 


1948ല്‍ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ചും മൗലവി ഖുര്‍ആന്‍ ക്ലാസ് തുടര്‍ന്നു. അക്കാലത്ത് കോഴിക്കോട് ജയിലിലുണ്ടായിരുന്ന പാണക്കാട് പൂക്കോയ തങ്ങളും ഈ ക്ലാസിലെ സ്ഥിരം പഠിതാവായി മാറി. കുറ്റിച്ചിറ മിശ്കാത്തുല്‍ ഹുദ മദ്‌റസയില്‍ അബ്ദുസ്സലാംമൗലവിയുടെ ഖുര്‍ആന്‍ ക്ലാസ് തുടങ്ങിയത് 1949ലായിരുന്നു. 


ജംഇയ്യത്തുല്‍ മുജാഹിദീന്റെരൂപീകരണത്തോടെ 1944 നവംബര്‍ 5ന് മദ്‌റസയുടെ രീതിയില്‍ സുല്ലമുസ്സലാം ആരംഭിച്ചു. അറബിക് കോളജിന് പുറമെ ഓറിയന്റല്‍ ഹൈസ്‌കൂള്‍, ആര്‍ട്‌സ് കോളെജ്, ടി ടി ഐ, ബി എഡ് കോളെജ്, ഐ ടി സി, യതീംഖാന തുടങ്ങി വിവിധ സ്ഥാപനങ്ങളായി ജംഇയ്യത്തുല്‍ മുജാഹിദീന്‍ കൊളുത്തിവച്ച ദീപം ഇന്നും കെടാതെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. 


പ്രസാധകമേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ മൗലവി 'അല്‍മനാര്‍' മാസികയുടെ പത്രാധിപരായിരുന്നു. ഖുര്‍ആന്‍, സുന്നത്ത് പ്രചരണത്തിനായി 'മിശ്കാത്തുല്‍ ഹുദ' എന്ന പേരില്‍ സ്വന്തമായി മാസിക നടത്തി. ഖുര്‍ആന്‍, ശാസ്ത്ര വിഷയങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു.  യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ബയാനുല്‍ ഇഅ്‌റാബ് എന്ന സമ്പൂര്‍ണ അറബി വ്യാകരണ ഗ്രന്ഥം, മുസ്‌ലിംകളും സാമൂഹ്യ ബാധ്യതകളും, ബറാത്ത് രാവ്, മുസ്‌ലിം ലീഗ് ഇന്നലെ ഇന്ന് നാളെ തുടങ്ങിയവയാണ് മൗലവിയുടെ കൃതികള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസിന്റെ സയ്യിദ് മൊയ്തീന്‍ ഷാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.


കൊലത്തിക്കല്‍ മറിയമാണ് മൗലവിയുടെ ഭാര്യ. എന്‍ വി അബ്ദുര്‍റഹ്മാനു പുറമെ എട്ട് പെണ്‍മക്കളാണ് മൗലവിക്കുള്ളത്. എം കെ ഹാജിയുടെ മകള്‍ സഈദയാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഭാര്യ. പി കെ അഹ്മദലി മദനിയുടെ ഭാര്യ സൈനബ, എന്‍ മുഹമ്മദ് മാസ്റ്ററുടെഭാര്യ ഖദീജ, പി മുഹമ്മദ് കുട്ടശ്ശേരിയുടെ ഭാര്യ ആസ്യ, അരിപ്ര പി അബൂബക്കറിന്റെ ഭാര്യ റുഖിയ എ കെ അബ്ദുല്‍ അസീസിന്റെ ഭാര്യ നുസൈബ, യു അബ്ദുല്ല ഫാറുഖിയുടെ ഭാര്യ ഫാത്വിമ, ഡോ. അബ്ദുര്‍റസ്സാഖ് സുല്ലമിയുടെ ഭാര്യ മൈമൂനത്ത്, ചോല അബ്ദുല്‍ മജീദിന്റെ ഭാര്യ നസീബ എന്നിവരാണ് മൗലവിയുടെ പെണ്‍മക്കള്‍.


പരേതരായ പ്രൊഫ. ബീരാന്‍ സാഹിബ്, എന്‍ വി സകരിയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി സാഹിബ്, ഇബ്‌റാഹിം മാസ്റ്റര്‍, ഡോ കെ അബ്ദുര്‍റഹിമാന്റെ മാതാവ് ഖദീജ, ഫത്വിമ, ആമിന, ആഇശ എന്നിവരാണ് സഹോദരങ്ങള്‍. 1997 ജൂണ്‍ 8 ന് അബ്ദുസ്സലാം മൗലവി അന്തരിച്ചു.
 

Feedback