Skip to main content

എം സി സി ഹസ്സന്‍ മൗലവി

1946 സപ്തംബര്‍ 31. തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ബോഡി യോഗം. സംഘടനയുടെ മേല്‍നോട്ടത്തില്‍ഒരു അറബിക് കോളജ് തുടങ്ങുന്ന കാര്യമാണ് ചര്‍ച്ച. നാട്ടിലെ സമ്പന്നരുടെയും പ്രമാണികളുടെയും ആഗ്രഹത്തിനും അഭിലാഷത്തിനും അനുസരിച്ച് നടന്നിരുന്ന മതപാഠശാലകള്‍ക്കിടയില്‍ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന ഒരു കോളെജ്.  അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അവരവരുടെ വാദമുഖങ്ങള്‍ ഉന്നയിക്കുന്നതിനിടെ കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റു. ആരാലും ആട്ടിയോടിക്കപ്പെടുന്ന ഒരു ദുരവസ്ഥ ഇനിയൊരിക്കലും പണ്ഡിതര്‍ക്കുണ്ടായിക്കൂടെന്ന ഉറച്ച പ്രഖ്യാപനത്തോടെ എം സി സി ഹസന്‍ മൗലവി കാര്യമാത്രപ്രസക്തമായി പ്രസംഗിച്ചു. പ്രസംഗം അവസാനിപ്പിക്കുമ്പോഴേക്കും പുളിക്കല്‍ മദീനത്തുല്‍ ഉലൂം എന്ന അറബിക് കോളെജിന്റെ പിറവിക്കുള്ള പാതയിലെ തടസ്സങ്ങള്‍ നീങ്ങിയിരുന്നു. 

1908ല്‍ ജനനം. പരപ്പനങ്ങാടിയിലെ പി ഒ കോമുക്കുട്ടി സാഹിബിന്റെ സഹോദരി ഉമ്മു റാബിയയാണ് മാതാവ്. മണ്ണാര്‍ക്കാട് ദര്‍സില്‍ പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വത്തില്‍ പ്രാഥമിക പഠനം ആരംഭിച്ചെങ്കിലും പതിനൊന്നാം വയസ്സില്‍ പിതാവ് മരിച്ചു. 27ാം വയസ്സില്‍ പട്ടാമ്പി സംസ്‌കൃത കൊളജില്‍ നിന്ന് മദ്രാസ് യുനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഫൈനല്‍ പരീക്ഷ എഴുതി. കൊടിയത്തൂരിലും പുളിക്കലും മുദര്‍രിസായി ജോലി ചെയ്തു. ഈ കാലയളവിലാണ് അധ്യാപനത്തോടൊപ്പം പഠനവുംനടത്തി അദ്ദേഹം അഫ്ദലും ഉലമ നേടിയത്. ഏതാനും വര്‍ഷങ്ങള്‍ പെരിന്തല്‍മണ്ണ, ചാവക്കാട്, പയ്യന്നൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബോര്‍ഡ് സ്‌കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഉസൂലുല്‍ ഫിഖ്ഹിലെയും നഹ്‌വിലെയും വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് സമകാലികര്‍ ഓര്‍ക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികളെ കഴിവനുസരിച്ച് സഹായിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

1931 ല്‍ കുറ്റ്യാടിയില്‍ നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദത്തില്‍ മുജാഹിദ് പക്ഷത്തെ പ്രമുഖ പണ്ഡിതന്മാരിലൊരാള്‍ എം സി സി ഹസന്‍ മൗലവിയായിരുന്നു. അല്‍ മുര്‍ശിദിലും മാര്‍ഗദര്‍ശകനിലും മറ്റും നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. മാര്‍ഗദര്‍ശകന്റെ പത്രാധിപരായിട്ടുണ്ട്.

മുസ്‌ലിം പെണ്‍കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്നത് ഹറാമായി വിലക്കപ്പെട്ടിരുന്ന  കാലത്ത് പെണ്‍മക്കളെ ഹൈസ്‌കൂളിലയച്ച് പഠിപ്പിച്ച് ഒറ്റയാള്‍പോരാട്ടം നടത്തിയ വെങ്കിട്ടമൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ ഖദീജക്കുട്ടിയാണ് ഹസന്‍ മൗലവിയുടെ ഭാര്യ. മങ്കട പഞ്ചായത്ത് അംഗമായിരുന്ന അവര്‍ 1985ല്‍ ആണ് മരിച്ചത്.

മദീനത്തുല്‍ ഉലൂമിന്റെ പിരിവിന് പോയ യാത്രകളിലൊന്നില്‍ പനി ബാധിച്ച് 1948 ഒക്‌ടോബര്‍ 26 നാണ് എം സി സി ഹസന്‍ മൗലവി മരിച്ചു. ജമീല, ആസ്യ സ്വാഹിബ, ആമിന, ബശീര്‍ മദനി, റഷീദ് മൗലവി എന്നിവരാണ് ഹസന്‍ മൗലവിയുടെ മക്കള്‍. ടി പി അബൂബക്കര്‍ മൗലവി (എടത്തനാട്ടുകര), പി മുഹമ്മദ് മദനി, പി കെഅലി അബ്ദുര്‍ റസ്സാഖ് മദനി എന്നിവര്‍ മരുമക്കളാണ്.
 

Feedback