Skip to main content

കെ. കെ. എം. ജമാലുദ്ദീന്‍ മൗലവി

നോവല്‍ രചനയെ പ്രബോധന മാധ്യമാക്കിയ മലയാളി പണ്ഡിതന്‍

1909 ല്‍ പണ്ഡിത കുടുംബത്തിലാണ് ജനനം. പിതാവ് ആയഞ്ചേരി കുളമുള്ളതില്‍ കുഞ്ഞഹമ്മദ് മുസ്‌ല്യായാര്‍. പിതാവിന്റെ സഹോദര പുത്രന്‍ തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ആദരണീയ പണ്ഡിതനായിരുന്നു. മാതാവ് പാറക്കടവിലെ പുരാതന കുടംബമായ വളപ്പില്‍ തറവാട്ടു കാരണവര്‍ കുഞ്ഞിശേഖ് മുസ്‌ല്യാരുടെ മകള്‍ അയിശയാണ്. മാതാവിന്റെ സഹോദര പുത്രനാണ് പണ്ഡിതനും പാറക്കടവ് വലിയ പള്ളിയിലെ ഖാദിയുമായ കണാരണ്ടി അമ്മദ് മുസ്‌ല്യാര്‍. യമനില്‍ നിന്നെത്തിയ അബ്ദുറഹിമാന്‍ ഹമദാനിയാണ് മാതാവിന്റെ കുടുംബത്തിലെ പൂര്‍വ പിതാമഹന്‍.

വളരെ ചുരുങ്ങിയ കാലത്തെ പ്രാഥമിക സ്‌കൂള്‍ പഠനം. ഓത്തുപുരയിലെയും പിതാവിന്റെ കീഴിലുമുള്ള പ്രാഥമിക മതപഠനത്തിനും ശേഷം തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാരുടെ കീഴില്‍ നാദാപുരം പള്ളിദര്‍സില്‍ ചേര്‍ന്നു. പള്ളി ദര്‍സില്‍ പഠിക്കുന്നതിനിടയില്‍ പുറമേരി ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സമയം കണ്ടെത്തി. തറക്കണ്ടി കാസര്‍ക്കോട്ടേക്ക് മാറിയപ്പോള്‍ മൗലവിയും അങ്ങോട്ടേക്ക് മാറി.

കാസര്‍ക്കോട്ടെ പഠന കാലത്തിനിടയ്ക്കാണ് ഇസ്‌ലാഹീ ആദര്‍ശത്തിലേക്ക് ആകൃഷ്ടനായത്. കാസര്‍ക്കോട്ടെ വലിയ ജുമുഅത്ത് പള്ളിയില്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കെ തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മക്കളെക്കുറിച്ച് അവര്‍ 'കിതാബു തിരിയുന്ന' കുട്ടികളാണെന്ന പ്രയോഗം കേട്ടത്. തറക്കണ്ടിയുടെ തന്നെ കൂട്ടുകാരും മുജാഹിദ് നേതാക്കാളുമായിരുന്ന കെ മൂസ്സ മൗലവി, കെ.എം മൗലവി തുടങ്ങിയവരെപ്പറ്റിയും നല്ല അഭിപ്രായമായിരുന്നു അവര്‍ക്ക്.  ഐക്യസംഘക്കാരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പള്ളിദര്‍സിലുണ്ടായിരുന്നു. 

ഒരിക്കല്‍ എം.സി.സി അബ്ദുറഹിമാന്‍ മൗലവി കാസര്‍കോട്ടെ ദര്‍സില്‍ വരികയും ഉസ്താദ് തറക്കണ്ടിയുമായി ദീര്‍ഘനേരം സംസാരിച്ചു മടങ്ങി. തൊട്ടടുത്തുള്ള മാലിക് ബിന്‍ ദീനാര്‍ മഖാമില്‍ സിയാറത്ത് ചെയ്യാതെയാണ് എം.സി.സി മടങ്ങിയതെന്ന സംസാരമുണ്ടായി. ഈ ആക്ഷേപം ഉസ്താദിനടുത്തുമെത്തി. പക്ഷെ ഉസ്താദിന്റെ പ്രതികരണം 'എം.സി.സിയും മറ്റും സിയാറത്തിനെ നിഷേധിക്കുന്നുവെന്ന് പറയുന്നത് ശുദ്ധ കളവാണ്; അങ്ങനെയൊരു വാദം ഐക്യസംഘത്തിനുമില്ല. സിയാറത്ത് ചെയ്യാതെയാണ് അദ്ദേഹം പോയതെങ്കില്‍ തെറ്റ് ചെയ്തുവെന്ന് പറയാനാവില്ല. സിയാറത്ത് വാജിബാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ? കെട്ടിപ്പൊക്കിയ ഖബറുകള്‍ സിയറത്ത് ചെയ്യാത്തതിനെക്കുറിച്ചാണീ ആക്ഷേപം പറയുന്നത്. അത്തരം ഖബറുകള്‍ എല്ലായിടത്തും കാണും. അതിലൊന്നും കയറാതെ ആരെങ്കിലും പോകുകയാണെങ്കില്‍ ആരെങ്കിലും ആക്ഷേപം ഉന്നയിക്കാറുണ്ടോ?' എന്നായിരുന്നു. തുടര്‍ന്നും കുറേ നേരം സംസാരിച്ചിരുന്നു. അത് മൗലവിയുടെ ഹൃദയത്തില്‍ ചലനം സൃഷ്ടിച്ചു. 

കാസര്‍കോട്ടെ പഠനത്തിനു ശേഷം ഉപരിപഠനത്തിന് ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിലെത്തി. അവിടെ നിന്നാണ് മൗലവിയുടെ പേരിലെ മുഹമ്മദ് മുസ്‌ല്യാരില്‍ നിന്നും 'മുഹമ്മദ് ജാമാലുദ്ദീന്‍' മൗലവിയെന്ന മാറ്റത്തിനു കാരണമുണ്ടായത്. അറബി മഹാകവി അബ്ദുല്ല നൂറാനിയുമായുള്ള ബന്ധമായിരുന്നു അതിന് കാരണമായത്. ഉമറാബാദ് മൗലവിയെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. പ്രഗത്ഭ പണ്ഡിതരും അനേകം കിതാബുകളും കര്‍മോത്‌സുകാരയ വിദ്യാര്‍ഥികളും മൗലവിക്ക് ആവേശമായി.  

അനാരോഗ്യം കാരണം ഉമറാബാദില്‍ അധികം തുടരാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലേക്ക് മടങ്ങുകയും സ്വപ്രയത്‌നത്താല്‍ മദ്രാസ് യുണിവേഴ്‌സിറ്റിയുടെ കീഴിലെ പട്ടാമ്പി ഗവ: സംസ്‌കൃതം കേളേജില്‍ നിന്നും അഫ്ദലുല്‍ ഉലമാ ഒന്നാം റാങ്ക് നേടി. 

കാസര്‍കോട്ടെ പഠന കാലത്തു തന്നെ മണപ്പാട് കുഞ്ഞിമുഹമ്മദ് സാഹിബ്, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ഐക്യസംഘത്തെക്കുറിച്ച് അറിയാനും പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും തൗഹീദീ ആദര്‍ശത്തില്‍ ആകൃഷ്ടനാവുകയും ചെയ്തിരുന്നു. 

പ്രസംഗമായിരുന്നു പ്രധാന ആയുധം. താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ മലബാറിന്റെ മുക്കുമൂലകളില്‍ സാഹസിക യാത്ര നടത്തിയും കാല്‍നടയായും എതിര്‍പ്പുകളെ വകവെക്കാതെ നടത്തിക്കൊണ്ടിരുന്നു.  അനിതരണസാധാരണമായ വാഗ്‌വിലാസവും അവതരണ ശൈലിയും ശബ്ദഭംഗിയും ഫലിതത്തിലൂന്നിയ സംസാരവും മൗലവിയെ നല്ല പ്രാസംഗികനാക്കി. എളമ്പിലാട്, മേപ്പയ്യൂര്‍, വടകര, പയ്യോളി, കടവത്തൂര്‍, ബേപ്പൂര്‍, മഞ്ചേരി, കൊച്ചി തുടങ്ങിയ സ്ഥലങ്ങള്‍ അവയില്‍ ചിലതാണ്. 

ആദര്‍ശ രംഗത്തെ വിയോജിപ്പുകളോടെപ്പം സ്വന്തം അഭിപ്രായങ്ങള്‍ അടിയറ വെക്കാതെ വേദി പങ്കിടാന്‍ മടി കാണിച്ചിരുന്നില്ല. സുന്നി പണ്ഡിതനും സുഹൃത്തുമായ മുഹമ്മദ് മുസ്‌ല്യാരുടെ കീഴല്‍ സുന്നി മദ്‌റസ ഉദ്ഘാടന പരിപാടിയില്‍ മൗലവി പങ്കെടുത്തിട്ടുണ്ട്. സുന്നീ വിഭാഗത്തിലെ അനേകം പണ്ഡിതന്‍മാര്‍ മൗലവിയുടെ സുഹൃത്തുക്കളായിരുന്നു.

കാതുകുത്ത് അനാചാരത്തിനെതിരെ ആരും പ്രതികരിക്കാതിരുന്ന കാലത്ത് തന്നെ മൗലവി അതിനെ എതിര്‍ത്തു പ്രസംഗിച്ചിരുന്നു. കാതില്‍ നിരവധി തുളകളുണ്ടാക്കത്തവരായി അന്ന് ആരും തന്നെ ഉണ്ടായിരുന്നില്ല. പാരമ്പര്യ രീതിയില്‍ നിന്ന് മാറിക്കൊണ്ട് മകന്‍ അബ്ദുല്ലയുടെ സുന്നത്ത് കര്‍മ്മം (സര്‍ക്കംസിഷന്‍) ഡോ: ബി.എ രാമനെക്കൊണ്ട് നടത്തിച്ചിരുന്നത് നാട്ടിലും പള്ളിയിലും പ്രതിഷേധത്തിനടയാക്കി. അമുസ്‌ലിം ഡോക്ടര്‍ സുന്നത്ത് ചെയ്താല്‍ അത് ശരിയാകുമോ എന്നു പോലും സംശയം അക്കാലത്തുണ്ടായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാനും പുണ്യത്തിനു വേണ്ടിയും അത്യുച്ചത്തില്‍ കൂട്ടമായി മൗലീദ് ചൊല്ലിയായിരുന്നു അന്നത്തെ രീതി.

എളമ്പിലാട് ജംഇയ്യത്തുല്‍ മുസ്‌ലിമീന്‍ സംഘം, വടകര നുസ്‌റത്തുല്‍ ഇസ്‌ലാം സഭ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. കുറ്റ്യാടി ഇസ്‌ലാമിയ കേളേജിന്റെ സ്ഥാപനത്തില്‍ അബ്ദുല്ലക്കുട്ടിയോടെപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിച്ചിട്ടുണ്ട്.  കടവത്തൂര്‍ എരഞ്ഞിന്‍ കീഴിലെ പള്ളി മുദര്‍രിസായും കുറ്റ്യാടി ഇസ്‌ലാമിയാ കേളേജ് അധ്യാപകനായും മാഹി എം.എം ഹൈസ്‌കള്‍, കൊച്ചിയിലെ അല്‍ മദ്‌റസത്തുല്‍ മുജാഹിദീന്‍, ഫറോഖ് റൗളത്തുല്‍ ഉലൂം അറബിക് കേളേജ്, തിരൂരങ്ങാടി ജുമുല്‍ ഇസ്‌ലാം മദ്‌റസ, വടകര മനാറുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയവയില്‍ അധ്യാപനവും നിര്‍വഹിച്ചിട്ടുണ്ട്. ജെ.ഡി.റ്റി ഇസ്‌ലാം, തിരൂരങ്ങാടി യതീംഖാന (1948), ഫറോഖ് റൗളത്തുല്‍ ഉലൂം അറബിക് കേളേജ് തുടങ്ങിയവയുടെ റസീവറായും പ്രവര്‍ത്തിച്ചു. 

മതപരമായ രചനകള്‍ക്കു പുറമെ പാഠപുസ്തക രചനയും നോവലെഴുത്തും കവിതയും ആദര്‍ശപ്രചാരണത്തിനുള്ള മാര്‍ഗമായി മൗലവി തെരഞ്ഞെടുത്തു. കുറ്റ്യാടി അബ്ദുല്ലക്കുട്ടി മൗലവിയുമായി ചേര്‍ന്നും പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹിലാലികത്ത് സൈനബ, ഹിള്‌റ് നബിയെ കണ്ട നബീസ  എന്നീ നോവലെഴുത്തുകള്‍ മൗലവിയുടെ മാത്രം രചനകളാണ്. ഇന്നും ആ രംഗത്തേക്ക് ഒരു പണ്ഡിതനും കടന്നു വന്നിട്ടില്ല. അറബി മലയാളത്തിലായിരുന്നു പ്രസിദ്ധീകരണം. പിന്നീട് കോഴിക്കോട്ടെ യുവത പ്രസിദ്ധീകരണാലയം മലയാളത്തില്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. അഹ്കാമുല്‍ ഖുത്ബ, നിഷ്പക്ഷ നിരൂപണം (മൗലിദിനെപ്പറ്റി) എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

പയ്യോളിക്കടുത്തെ കീഴലിലെ കുഞ്ഞാമിനയാണ് ഭാര്യ. കുഞ്ഞബ്ദുല്ല, അബ്ദുറഹിമാന്‍, അബ്ദുല്‍ മജീദ്, അയിശ്ശ, സല്‍മ എന്നിവര്‍ മക്കളാണ്. ആയഞ്ചേരിയിലെ പ്രമുഖ പണ്ഡിതന്‍ കൊയിലോത്ത് അബ്ദുറഹിമാന്‍ മൗലവി സഹോദരനാണ്.  

1965 ഫെബ്രുവരി 26-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
 

Feedback
  • Friday Jan 30, 2026
  • Shaban 11 1447